ചടയമംഗലം സംഭവത്തില്‍ മലക്കംമറിഞ്ഞ് പോലിസ്; പെൺകുട്ടിക്കെതിരായ ജാമ്യമില്ലാ വകുപ്പ് നീക്കി
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം ചടയമംഗലത്ത് പോലിസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്.
കൊല്ലം: കൊല്ലം ചടയമംഗലത്ത് പെണ്‍കുട്ടി അനാവശ്യ പിഴ ചുമത്തിയ പോലിസിനെ ചോദ്യം ചെയ്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് ചടയമംഗലം പോലിസ്. പെണ്‍കുട്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് പറഞ്ഞ പോലിസ് നടപടി വ്യാപക വിമര്‍ശനത്തിനിടയായതോടെ വിദ്യാര്‍ഥിനിയായ ഗൗരിക്കെതിരേ പെറ്റി കേസെടുത്ത് വിവാദത്തില്‍ നിന്നും തലയൂരി.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം ചടയമംഗലത്ത് പോലിസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന മധ്യവയസ്‌ക്കന് അനാവശ്യ പിഴ ചുമത്തിയത് ചോദ്യം ചെയ്ത് ഗൗരി രംഗത്ത് എത്തുകയും പിന്നീട് ഗൗരിക്കെതിരെയും പോലിസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് പോലിസ് കേസെടുത്തത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പോലിസിനെതിരേ വലിയ വിമര്‍ശനത്തിന് വഴിവെച്ചു.
സംഭവം വിവാദമായതൊടെ യുവജന കമ്മീഷനും, വനിതാ കമ്മീഷനും ഇടപെട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പെണ്‍കുട്ടിക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന റിപോര്‍ട്ടാണ് വനിതാ കമ്മീഷനഗം ഷാഹിദാ കമാലിന് പോലിസ് നല്‍കിയത്. നിലവില്‍ പെറ്റി കേസ് മാത്രമാണ് ചുമത്തിയിട്ടുള്ളത്.