കര്‍ണാടകയില്‍ ഹിജാബ് നിരോധന ഉത്തരവിട്ട ജസ്റ്റിസ് ഋതുരാജ് അവസ്തി കേന്ദ്ര നിയമ കമ്മീഷന്‍ ചെയര്‍മാന്‍; ജസ്റ്റിസ് കെ ടി ശങ്കരന്‍ അംഗം

Update: 2022-11-08 03:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയമ കമ്മീഷന്‍ ചെയര്‍മാനായി കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ അടക്കം അഞ്ച് പേരെ കമ്മീഷന്‍ അംഗങ്ങളായും കേന്ദ്ര നിയമ മന്ത്രാലയം നിയമിച്ചു. കര്‍ണാടകയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഋതുരാജ് അവസ്തി.

ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യഘടകമല്ലെന്നാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ ജൂലായിലാണ് വിരമിച്ചത്. ജസ്റ്റിസ് കെ ടി ശങ്കരനു പുറമേ പ്രഫ. ആനന്ദ് പാലിവാള്‍, പ്രഫ. ഡി പി വര്‍മ, പ്രഫ. ഡോ. രാക ആര്യ, എം കരുണാനിധി എന്നിവരെയാണ് കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു. നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

2021 ഒക്ടോബര്‍ മുതല്‍ 2022 ജൂലൈ വരെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ഋതുരാജ് അവസ്തി. അതിന് മുമ്പ് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. 2005 മുതല്‍ 2016 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു ജസ്റ്റിസ് കെ ടി ശങ്കരന്‍. അതിന് ശേഷം കേരള ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയാണ് ജസ്റ്റിസ് ശങ്കരന്‍.

Tags:    

Similar News