രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്; ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

Update: 2022-09-27 03:05 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിക്കുന്ന 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, ആഗോള ബന്ധങ്ങള്‍, പൊതുക്രമം എന്നിവക്ക് ഹാനികരമാകുന്ന തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് 10 ചാനലുകളില്‍ നിന്നുള്ള 45 വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബിനോട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശിച്ചത്.

ബ്ലോക്ക് ചെയ്ത വീഡിയോകളില്‍ ജനപ്രിയ യൂട്യൂബര്‍ ധ്രുവ് രതിയുടെ ഒരു വീഡിയോ ഉള്‍പ്പെടുന്നു. ആകെ 1.3 കോടി കാഴ്ചക്കാര്‍ കവിഞ്ഞ വീഡിയോകളാണ് ബ്ലോക്ക് ചെയ്തിട്ടുള്ളത്.

നിരോധിക്കാന്‍ കാരണമായ വീഡിയോകള്‍ രാജ്യത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും പൊതുക്രമം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിരോധിച്ചവയില്‍ 13 എണ്ണം ലൈവ് ടി.വി എന്ന ചാനലില്‍ നിന്നുള്ളതാണ്. ഇന്‍ക്വിലാബ് ലൈവ്, ദേശ് ഇന്ത്യ ലൈവ് എന്നിവയില്‍ നിന്നും ആറെണ്ണം വീതം, ഹിന്ദ് വോയ്‌സില്‍ നിന്ന് ഒമ്പതെണ്ണം, ഗെറ്റ്‌സെറ്റ് ഫ്‌ളൈ ഫാക്ട് , 4 പി.എം എന്നിവയില്‍ നിന്നും രണ്ടെണ്ണം വീതം, മിസ്റ്റര്‍ റിയാക്ഷന്‍ വാലയില്‍ നിന്നും നാലണ്ണം, നാഷനല്‍ അദ്ദ, ധ്രുവ് രാതി, വിനയ് പ്രതാപ് സിങ് ഭോപര്‍ എന്നിവയില്‍ നിന്നും ഒരെണ്ണം വീതവുമാണ് നിരോധിച്ചത്.

രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും പൊതു ക്രമം തകര്‍ക്കാനും വീഡിയോകള്‍ക്ക് സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, സംഘപരിവാറിനെതിരേ വിമര്‍ശനം ഉന്നയിക്കുന്ന വീഡിയോകളാണ് സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്ത വീഡിയോകള്‍.

ബ്ലോക്ക് ചെയ്ത ചില വീഡിയോകള്‍ അഗ്‌നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, കാശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് മന്ത്രാലയം പറയുന്നു.