കേന്ദ്ര ബജറ്റ് 2020: കാര്‍ഷിക മേഖലയ്ക്ക് 16 ഇന കര്‍മ പദ്ധതി

Update: 2020-02-01 07:08 GMT
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി 16 ഇന കര്‍മ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലക്ക് 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യത്തെ കാര്‍ഷിക വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവ നടപ്പാക്കും. 6.11 കോടി കൃഷിക്കാര്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയില്‍ അംഗമാണ്. ഇവര്‍ക്ക് നേരിട്ട് പ്രധാനമന്ത്രി കിസാന്‍ യോജന വഴി ആനുകൂല്യം ലഭ്യമാക്കും. രാജ്യാന്തര വിപണി കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പിന്തുണയോടെ കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി നടപ്പാക്കുകയും ട്രെയനില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ മാറ്റിവയ്ക്കുകയും ചെയ്യും. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. മാതൃകാ കര്‍ഷക നിയമങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ബജറ്റ് നിര്‍ദേശത്തിലുണ്ട്. 100 വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രം നേരിട്ട് സഹായം നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. തരിശു കൃഷിഭൂമിയില്‍ സോളാര്‍ പാടങ്ങളും ഗ്രിഡുകള്‍ സ്ഥാപിക്കും. വണ്‍ പ്രൊഡക്റ്റ്, വണ്‍ ഡിസ്ട്രിക്റ്റ് എന്ന പദ്ധതിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനും ഉല്‍പ്പാദിപ്പിക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു.




Tags:    

Similar News