എല്‍ടിടിഇ പുനസംഘടിപ്പിക്കുന്നെന്ന്; തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്കെതിരേ യുഎപിഎ ചുമത്തി
ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്റെ (എല്‍ടിടിഇ) മുന്‍ അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കാന്‍ ധനസമാഹരണം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ മൂന്ന് പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി. തമിഴ്മാട് രഹസ്യാന്വേഷണ വിഭാഗമായ ക്യു ബ്രാഞ്ചാണ് 2021 ഒക്ടോബറില്‍ വ്യാജ പാസ്‌പോര്‍ട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്റെ (എല്‍ടിടിഇ) മുന്‍ അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കാന്‍ ധനസമാഹരണം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
നിരോധിത സംഘടനയായ എല്‍ടിടിഇയുടെ യൂറോപ്പില്‍ നിന്നുള്ള ഏതാനും മുന്‍ പ്രവര്‍ത്തകര്‍ ഇന്ത്യയിലെ പല അക്കൗണ്ടുകളില്‍ നിന്നും എല്‍ടിടിഇക്ക് വേണ്ടി നേരത്തെ ശേഖരിച്ച ഉപയോഗിക്കാത്ത ഫണ്ടുകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.
കാനഡയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ സ്വദേശിനിയും ഡെന്മാര്‍ക്കില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുമുള്ള എല്‍ടിടിഇ പ്രവര്‍ത്തകരും ചേര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള ബാങ്കില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചതിനാണ് ക്യൂ ബ്രാഞ്ച് നേരത്തെ മേരി ഫ്രാന്‍സിസ്‌കോ (51) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്ത ഇവരെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയതെന്നാണ് പോലിസ് പറയുന്നത്.
തിരുച്ചി വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ പൗരനെയും മധുരൈ വിമാനത്താവളത്തില്‍ നിന്ന് മറ്റൊരാളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ജനുവരിയില്‍ എന്‍ഐഎ ഈ കേസ് ഏറ്റെടുക്കുകയും എല്‍ടിടിഇയുടെ ഉപയോഗിക്കാത്ത ഫണ്ടുകള്‍ പിന്‍വലിക്കാനും പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനും ശ്രമിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്കെതിരേ വെബിനാറുകളും പൊതുപരിപാടികളും നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എന്‍ജിഒകള്‍ ഉള്‍പ്പെടെ തമിഴ് വ്യക്തിത്വമുള്ള നിരവധി സംഘടനകള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ് ഭരണകൂട ഭാഷ്യം. ഇത്തരം പ്രതിഷേധ പരിപാടികളുടെ മറവില്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ തമിഴ് ദേശീയതയ്ക്ക് പിന്തുണ ഉണ്ടാക്കുന്നതിന് ഈ സംഘടനകള്‍ക്ക് കഴിയുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികളിലെ ഉന്നതവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ അണ്ണാനഗറില്‍ താമസിച്ചു വരികയാണെന്നും പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്നിവ എന്റെ പക്കലുണ്ടെന്നും മേരി ഫ്രാന്‍സിസ്‌കോ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. ഒരു ദേശസാല്‍കൃത ബാങ്കിന്റെ മുംബൈയിലെ ഫോര്‍ട്ട് ബ്രാഞ്ചിലെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ സജീവമാക്കാന്‍ യുവതിയും അവരുടെ രണ്ട് സുഹൃത്തുക്കളും ശ്രമിച്ചെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.
ഇതിനുമുമ്പ്, എല്‍ടിടിഇയുടെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സത്കുനം എന്ന സബേശനെ (47) 2021 ഒക്ടോബറില്‍ പാക്കിസ്താനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതില്‍ പങ്കുണ്ടെന്നു ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സബേശനെയും സഹായികളായ ചിന്നസുരേഷ്, സൗന്ദരരാജന്‍ എന്നിവരെയും ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ് വംശജനായ ജയപ്രകാശ് എന്നയാളെ ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ച്ചയായ ഈ അറസ്റ്റുകളെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജന്‍സികള്‍ എല്‍ടിടിഇ പുനസംഘടിപ്പിക്കുന്നതായ നിഗമനത്തിലെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എല്‍ടിടിഇയും ഇന്ത്യന്‍ ഭരണകൂടവുമായുള്ള ശത്രുത മുമ്പ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ വധത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.

