അഗ്നിപഥില്‍ ഉറച്ച് കേന്ദ്രം;റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു

പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും,രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു

Update: 2022-06-19 10:15 GMT

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍.കരസേനയില്‍ നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും.കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.

വ്യോമസേനയില്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ഡിസംബറില്‍ അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക.ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും.

നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21ന് അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തില്‍ നിയമനപ്രക്രിയ നടത്തുമെന്ന് നാവികസേന അറിയിച്ചു.

പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും,രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്നും അനില്‍ പുരി വ്യക്തമാക്കി.

Tags: