രാജ്യത്ത് ഊര്‍ജ്ജ 'ലോക് ഡൗണ്‍' ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Update: 2026-03-27 14:26 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഊര്‍ജ്ജ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അവശ്യവസ്തുക്കളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രം ആവര്‍ത്തിച്ചു. ഇന്ധന വിലക്കയറ്റം തടയാന്‍ ഇന്ധനങ്ങളുടേ മേലുള്ള അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഉടന്‍ ഊര്‍ജ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനപോലും ഇപ്പോള്‍ ഇല്ല, ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാല്‍ ഇതുവഴി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാന്‍ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ ബാധ്യത ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ നഷ്ടം സഹിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൃത്രിമ ക്ഷാമമുണ്ടാക്കിയാല്‍ കര്‍ശന നടപടിക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അധിക തീരുവ കുറച്ച ശേഷവും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാന് ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകും, ഇത് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. എന്നാല്‍ നികുതി കുറയ്ക്കുന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നടപടിയുടെ ഗുണം ജനങ്ങള്‍ക്ക് ഉടന്‍ ലഭിക്കുമെന്ന് തോനുന്നില്ലെന്നും, കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളെല്ലാം വൈകിപ്പോയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പെട്രോളും ഡീസലും എല്‍പിജിയും രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, പ്രതിസന്ധിയില്ലെന്നും അധികൃതര്‍ ഇന്നും ആവര്‍ത്തിച്ചു.

വ്യവസായ മേഖലയ്ക്ക് ആശ്വാസമായി 20 ശതമാനം കൂടി അധിക ക്വാട്ട കേന്ദ്രം അനുവദിച്ചു. സ്റ്റീല്‍, ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബീല്‍, കെമിക്കല്‍, പ്ലാസ്റ്റിക് മേഖലകള്‍ക്കാണ് ഇത് മുന്‍ഗണന നല്‍കി വിതരണം ചെയ്യേണ്ടത്. ഇതോടെ വാണിജ്യ മേഖലയ്ക്ക് 70 ശതമാനം വിതരണം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതിനിടെ ആശ്വാസമായി ഹോര്‍മുസ് കടലിടുക്ക് കടന്ന ഒരു കപ്പല്‍കൂടി ഇന്ത്യയിലെത്തി. 47600 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് ജഗ് വസന്ത് എന്ന കപ്പല്‍ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിയത്. 45000 മെട്രിക് ടണ്‍ എല്‍പിജിയുമായി പൈന്‍ ഗ്യാസ് എന്ന ഒരു കപ്പല്‍കൂടി വൈകാതെ തീരത്തെത്തും.

Tags: