ഗസയില്‍ ഇസ്രായേല്‍ ആക്രമണം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

തിങ്കളാഴ്ച രാത്രി 10ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസ് മാധ്യമവിഭാഗവും അറിയിച്ചു

Update: 2019-03-26 04:35 GMT

ജെറുസലേം: ഗസയിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ ഈജിപ്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി 10ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസ് മാധ്യമവിഭാഗവും അറിയിച്ചു. ടെല്‍ അവീവിലേക്ക് ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് പതിച്ച് ഏഴ് ഇസ്രായേലികള്‍ക്ക് പരിക്കേറ്റതിന്റെ പേരുപറഞ്ഞ് ഗസയില്‍ തീതുപ്പിക്കൊണ്ട് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ജനവാസകേന്ദ്രത്തില്‍ നടത്തിയ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഗസയില്‍ വിജയകരമായ വിധത്തില്‍ വന്‍തോതില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അധിനിവേശ സേന സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ തന്നെ ദക്ഷിണ ഗസയിലെ ജനവാസ കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടത്. ഖാന്‍ യൂനുസ്, ദേര്‍ അല്‍ ബലാഹ്, കിഴക്കന്‍ റഫയുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.

    ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയ്യയുടെ ഓഫിസ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രായേല്‍ സേന കെട്ടിടം പൂര്‍ണമായും തകര്‍ത്തു. രണ്ടു മിസൈലുകളാണ് ഹനിയ്യയുടെ ഓഫിസ് ആക്രമണത്തിനു വേണ്ടി ഉപയോഗിച്ചത്. എന്നാല്‍, ഇവിടെ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല. അതേസമയം, ആക്രമണങ്ങളില്‍ ഫലസ്തീന്‍ ജനത തകരില്ലെന്നും കീഴടങ്ങില്ലെന്നും ചുവപ്പുരേഖ മറികടന്നാല്‍ ശത്രുവിനെ ചെറുക്കുമെന്നും ഇസ്മായില്‍ ഹനിയ്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇനിയും വന്‍ തോതിലുള്ള ആക്രമണങ്ങള്‍ നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണിപ്പെടുത്തി.




Tags:    

Similar News