ജെഎന്‍യുവിലെ ആക്രമണ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സി തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് അധികൃതര്‍

കാംപസില്‍ നടന്ന ആക്രമണത്തിലെ പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന ഡല്‍ഹി പോലിസിന്റെ വാദത്തെ തള്ളുന്നതാണ് വിവരവകാശ അപേക്ഷയിൻമേലുള്ള മറുപടി.

Update: 2020-01-28 09:14 GMT

ന്യൂഡല്‍ഹി: ജനുവരി 5ന് ജെഎന്‍യു കാംപസിന്റെ പ്രധാന ഗേറ്റിന്റെ സിസിടിവി ദൃശ്യങ്ങള്‍ തേടുന്ന വിവരവകാശ ചോദ്യങ്ങല്‍ക്ക് പ്രതികരിച്ച് ജെഎന്‍യു അധികൃതര്‍. ക്യാംപസില്‍ നടന്ന ആക്രമണത്തിലെ പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന ഡല്‍ഹി പോലിസിന്റെ വാദത്തിനു തിരിച്ചടിയാണ് ലഭിച്ചിരിക്കുന്ന വിവരാവകാശ മറുപടി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സി തടഞ്ഞുവെച്ചിരിക്കുകയാണന്ന് ജെഎന്‍യു അധികൃതരുടെ മറുപടി.

കാംപസിന്റെ മെയിന്‍ ഗേറ്റിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ സംബന്ധിച്ച സാമൂഹ്യപ്രവര്‍ത്തക അഞ്ജലി ഭരദ്വാജിന്റെ ചോദ്യത്തിനാണ് അഡ്മിനിസ്‌ട്രേഷന്‍ ഇങ്ങനെ മറുപടി നല്‍കിയത്. വൈകീട്ട് മൂന്ന് മണി മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള ദൃശ്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അത് അന്വേഷണം നടത്തുന്ന പോലിസിന്റെ കയ്യിലാണെന്നും അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

ജനുവരി 17നാണ് അഞ്ജലി ഭരദ്വാജ് വിവരാവകാശ അപേക്ഷ നല്‍കിയത്. അതേസമയം ജനുവരി 5 വൈകുന്നേരം മൂന്ന് മണിമുതല്‍ 11 മണിവരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റൊരു ആക്ടിവിസ്റ്റ് സമര്‍പ്പിച്ച വിവരാവാകശത്തിന് മറുപടിയായി അധികൃതര്‍ നല്‍കിയ ഉത്തരം തുടര്‍ച്ചയായ ദൃശ്യം ലഭ്യമല്ല എന്നാണ്. കൂടാതെ മെയിന്‍ ഗേറ്റ് സെര്‍വര്‍ റൂമില്‍ എന്തെങ്കിലും നശീകരണം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും സംഭവങ്ങള്‍ ഇല്ലന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. 2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി എട്ട് വരെയുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നാണ് ജനുവരി 9ന് അഡ്മിനിസ്‌ട്രേഷന്‍ മറുപടി നല്‍കിയത്.

ജനുവരി 5ന് വൈകുന്നേരമാണ് ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടിധരിച്ചെത്തിയ ഒരു സംഘം അക്രമണം നടത്തിയത്. ജഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ജനറല്‍ സെക്രട്ടറി സതീഷ് യാദവിനുമടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. അതേസമയം സര്‍വര്‍ റൂം ആക്രമിച്ചു എന്ന പരാതിയില്‍, അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഐഷി ഘോഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും അവര്‍ക്കെതിരേ കേസുമെടുത്തിരുന്നു. ജനുവരി മൂന്നിനും നാലിനും നടന്ന ആക്രമണങ്ങളില്‍ സെര്‍വറുകള്‍ തകരാറായി എന്നാണ് പോലിസ് പറഞ്ഞത്. വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയതെന്ന് പോലിസ് ആരോപിച്ചു. 

Similar News