തമ്പാനൂര്‍ കെഎസ്ആര്‍ടിസി പ്ലാറ്റ്‌ഫോമില്‍ സിസിടിവി സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

Update: 2022-10-26 13:04 GMT

തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ സിസിടിവി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ബസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള പോലിസ് എയ്ഡ് പോസ്റ്റില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്കും തമ്പാനൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മോഷ്ടാക്കളുടെ താവളമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ പകലും രാത്രിയും ഓരോ ഗാര്‍ഡിനെ വീതം നിയമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബസ് സ്‌റ്റേഷനോടു ചേര്‍ന്നുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ എല്ലാദിവസവും രാത്രികാലങ്ങളില്‍ പോലിസ് സാന്നിദ്ധ്യം ഉണ്ടാകാറില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. യാത്രക്കാര്‍ ഉപയോഗിക്കേണ്ട കസേരകളും പ്ലാറ്റ്‌ഫോമും മദ്യപന്‍മാര്‍ ഉറങ്ങുന്നതിനായി ഉപയോഗിക്കാറുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് കോര്‍പറേഷന്‍ ഗാര്‍ഡിന് സാധിക്കാതെ വരാറുണ്ട്. മദ്യലഹരിയില്‍ ഉറങ്ങി കിടക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും ബാഗ്, പേഴ്‌സ്, ഫോണ്‍ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വിവരം തമ്പാനൂര്‍ പോലിസ്, സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കെഎസ്ആര്‍ടിസിക്കും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്കുമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

സ്വീകരിച്ച നടപടികള്‍ കെഎസ്ആര്‍ടിസി എംഡിയും തമ്പാനൂര്‍ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറും രണ്ടു മാസത്തിനകം കമ്മീഷന്‍ ഓഫിസില്‍സമര്‍പ്പിക്കണം.

Similar News