സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം

Update: 2022-07-22 10:10 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 94.40 ശതമാനമാണ് വിജയം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി. ആണ്‍കുട്ടികളെക്കാള്‍ 1.41 ശതമാനം മെച്ചപ്പെട്ടു. 64,908 വിദ്യാര്‍ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി, 2.36 ലക്ഷത്തിലധികം (2,36,993) വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. ആകെ 1.07 ലക്ഷം (1,07,689) വിദ്യാര്‍ഥികളെ കമ്പാര്‍ട്ടുമെന്റില്‍ ഉള്‍പ്പെടുത്തി.

വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 2022ലെ സിബിഎസ്ഇ 10ാം ഫലവും ഡിജിലോക്കര്‍ ആപ്പില്‍ ലഭ്യമാണ്. ഫലം പരിശോധിക്കാന്‍, ഉദ്യോഗാര്‍ഥികള്‍ റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും നല്‍കേണ്ടതുണ്ട്.

ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ട് വര്‍ക്കുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീബോര്‍ഡ് പരീക്ഷകള്‍ എന്നിങ്ങനെ അധ്യയന വര്‍ഷത്തില്‍ ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങള്‍ സ്‌കോര്‍കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു. 2022 ലെ ടേം 1, 2 പരീക്ഷകളിലെ മാര്‍ക്ക് വെയ്‌റ്റേജിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് 10ാം ക്ലാസ് ഫൈനല്‍ മാര്‍ക്ക്ഷീറ്റ് ലഭിക്കും.

തിയറി പേപ്പറുകള്‍ക്ക് ഒന്നാം ടേം മാര്‍ക്കിന് 30 ശതമാനം വെയിറ്റേജും രണ്ടാം ടേമിന് 70% വെയിറ്റേജും നല്‍കിയിട്ടുണ്ട്. ഏറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ സിബിഎസ്ഇ പ്ലസ്ടു ഫലവും ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്രാപ്രദേശിനാണ് ഒന്നാം സ്ഥാനം.

Tags: