ഒരു അധ്യയനവര്‍ഷം രണ്ട് ടേം പരീക്ഷകള്‍, സിലബസുകള്‍ വിഭജിക്കും; 10, 12 ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി സിബിഎസ്ഇ

ടേം ഒന്നിലേക്കും, ടേം രണ്ടിലേക്കുമായി 50 ശതമാനം വീതം സിലബസുകള്‍ വിഭജിക്കും. അതില്‍ ആദ്യ ടേമിന്റെ പരീക്ഷ നവംബര്‍- ഡിസംബര്‍ മാസങ്ങളിലും അവസാന പരീക്ഷ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. അവസാന ടേം പരീക്ഷകള്‍ 90 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

Update: 2021-07-05 16:56 GMT

ന്യൂഡല്‍ഹി: 2021-2022 അധ്യയന വര്‍ഷത്തിലെ 10, 12 ക്ലാസുകളിലേക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). അധ്യയന വര്‍ഷത്തെ രണ്ട് ടേമായി തിരിക്കുമെന്നതാണ് പ്രധാനപ്പെട്ടത്. ടേം ഒന്നിലേക്കും, ടേം രണ്ടിലേക്കുമായി 50 ശതമാനം വീതം സിലബസുകള്‍ വിഭജിക്കും. അതില്‍ ആദ്യ ടേമിന്റെ പരീക്ഷ നവംബര്‍- ഡിസംബര്‍ മാസങ്ങളിലും അവസാന പരീക്ഷ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. അവസാന ടേം പരീക്ഷകള്‍ 90 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

മാര്‍ക്കിങ് സ്‌കീമിനൊപ്പം സിബിഎസ്ഇ ചോദ്യപേപ്പര്‍ സജ്ജീകരിച്ച് സ്‌കൂളുകളിലേക്ക് അയയ്ക്കും. സിബിഎസ്ഇ നിയോഗിക്കുന്ന പുറത്തുനിന്നുള്ള കേന്ദ്ര സൂപ്രണ്ടുമാരുടെയും നിരീക്ഷകരുടെയും മേല്‍നോട്ടത്തിലായിരിക്കും പരീക്ഷകള്‍ നടത്തുക. ഇരുടേമുകളുടെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ ആകെ സ്‌കോറില്‍ ചേര്‍ക്കുന്ന രീതിയാണ് പിന്തുടരുക. രണ്ടാം ടേമിന് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ചോദ്യങ്ങളുണ്ടാവും. അതേസമയം, ഇന്റേണല്‍ അസസ്‌മെന്റിന് കൂടുതല്‍ പ്രധാന്യം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ വിവരശേഖരണം ആരംഭിക്കും.

9 മുതല്‍ 10 വരെ ക്ലാസുകളില്‍ മൂന്ന് ആനുകാലിക പരിശോധനകള്‍, വിദ്യാര്‍ഥികളുടെ സമ്പുഷ്ടീകരണം, പോര്‍ട്ട്‌ഫോളിയോ, പ്രായോഗിക ജോലി എന്നിവ കണക്കിലെടുക്കും. 11, 12 ക്ലാസുകള്‍ക്കായി ഇന്റേണല്‍ അസസ്‌മെന്റ്, യൂനിറ്റ് ടെസ്റ്റുകള്‍, പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രായോഗികത, പ്രോജക്ടുകള്‍ എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡിനെത്തുടര്‍ന്ന് പരീക്ഷകള്‍ നടത്താനാവാതെ വരികയും മൂല്യനിര്‍ണയം പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

Tags:    

Similar News