സിബിഐ ഇടക്കാല ഡയരറക്ടര്‍ നാഗേശ്വര റാവുവിനു ഒരു ലക്ഷം പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയോട് കളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് നാഗേശ്വര റാവുവിനെ താക്കീത് ചെയ്തിരുന്നു.

Update: 2019-02-12 07:56 GMT

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവുവിനെ കോടതിയലക്ഷ്യക്കുറ്റത്തിനു ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ശിക്ഷിച്ചു. 30 ദിവസം വരെ തടവിലിടാമെന്നും ശിക്ഷയ്ക്ക് മുമ്പേ എന്തെങ്കിലും പറയാനുണ്ടോ എന്നും റാവുവിനോട് ചോദിച്ചതിനു ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. മുസഫര്‍പൂര്‍ ബാലഭവന പീഡന കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ സുപ്രിംകോടതി ഉത്തരവ് മറികടന്ന് സ്ഥലം മാറ്റിയതിനാണ് ശിക്ഷ. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര്‍ റാവു മോദി സര്‍ക്കാരിനായി സിബിഐയില്‍ വന്‍ അഴിച്ചുപണിയാണ് നടത്തിയത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയാണ് കോടതി വിധി. രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഇടക്കാല തലവനാണ് ശിക്ഷ ലഭിച്ചത്. കോടതി പിരിയും വരെ തടവ് വിധിച്ചതിനാല്‍ നാഗേശ്വര്‍ റാവു ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണുള്ളത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയോട് കളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് നാഗേശ്വര റാവുവിനെ താക്കീത് ചെയ്തിരുന്നു.




Tags:    

Similar News