ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സിബിഐ വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചു; പ്രതിഭാഗം 24 നകം മറുവാദം സമര്‍പ്പിക്കണം

രേഖകള്‍ ലഭിച്ചതോടെ ലക്‌നോ പ്രത്യേക സിബിഐ കോടതി അവയുടെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകര്‍ക്കു നല്‍കി 24നകം മറുപടി നല്‍കണം എന്ന് നിര്‍ദേശിച്ചു

Update: 2020-08-22 10:01 GMT

ലക്നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐയുടെ വാദങ്ങള്‍ കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. രേഖകള്‍ ലഭിച്ചതോടെ ലക്‌നോ പ്രത്യേക സിബിഐ കോടതി അവയുടെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകര്‍ക്കു നല്‍കി ഈ മാസം 24നകം മറുപടി നല്‍കണം എന്ന് നിര്‍ദേശിച്ചു. കേസില്‍ ആഗസ്ത് 31 നകം വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേസ് വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിക്കാണ് സുപ്രിം കോടതി ഈ നിര്‍ദേശം നല്‍കിയത്.

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി ഉള്‍പെടെ പ്രതികളായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍. സ്‌പെഷ്യല്‍ ജഡ്ജി എസ് കെ യാദവ് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതേ കേസില്‍ പ്രതികളായ രാം ചന്ദ്ര ഖത്രിയ, ശിവസേന എംപി സതീഷ് പ്രധാന്‍ എന്നിവരും മൊഴി നല്‍കിയിട്ടുണ്ട്. സിആര്‍പിസിയിലെ സെക്ഷന്‍ 313 പ്രകാരം ആകെ 32 പ്രതികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒമ്പത് മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തെളിവുകളുടെ പരിശോധന പൂര്‍ണമായിട്ടില്ലെന്ന് സ്പെഷ്യല്‍ ജഡ്ജി അറിയിച്ചു. സുപ്രിം കോടതി നിര്‍ണയിച്ച സമയം പരിധി ഏപ്രിലില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ജഡ്ജി കൂടുതല്‍ സമയം തേടിയത്. സമയ പരിധി ദീര്‍ഘി പ്പിച്ച സുപ്രിം കോടതി വിചാരണ അവസാനിക്കുന്നത് വരെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് കെ യാദവിന്റെ കാലാവധിയും നീട്ടി നല്‍കിയിരുന്നു. 2019 സപ്തംബറില്‍ ജഡ്ജി എസ് കെ യാദവ് വിരമി ക്കേണ്ടതായിരുന്നു.




Tags: