കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിൻ്റെ പിതാവിന് സിബിഐ നോട്ടിസ്

ഫാത്തിമയുടെ മരണത്തിൽ നീതി തേടിയുള്ള യാത്രയിൽ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമപ്രവർത്തകർ മാത്രമാണെന്നും തങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Update: 2021-11-08 16:03 GMT

ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർഥിനിയായിരുന്ന ഫാത്തിമാ ലത്തിഫീൻ്റെ മരണവുമായി ബന്ധപ്പെട്ട് പിതാവിന് സിബിഐ നോട്ടിസ്. നവംബർ പതിനൊന്നിന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരായി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താനാണ് സിബിഐ നോട്ടിസ് നൽകിയത്. കേസിൽ സിബിഐ അന്വേഷണം വഴിമുട്ടിയെന്നാരോപിച്ച് രക്ഷിതാക്കൾ കഴിഞ്ഞ ദിവസം രംഗത്തു വന്നതിനു പിന്നാലെയാണ് നോട്ടിസ്. അന്വേഷണം ത്വരിതപ്പെടുത്താൻ പിന്തുണ തേടി ഫാത്തിമയുടെ പിതാവ് നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്.

ഫാത്തിമ ലത്തീഫിൻ്റെ മരണത്തിൽ നീതി തേടി കുടുംബത്തിൻ്റെ കാത്തിരിപ്പ് തുടരുകയാണ്. ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം എങ്ങുമെത്താതെ പോയതിലെ വേദനയിലാണ് ഫാത്തിമയുടെ വീട്ടുകാർ. ഫാത്തിമയുടെ മരണത്തിൽ നീതി തേടിയുള്ള യാത്രയിൽ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമപ്രവർത്തകർ മാത്രമാണെന്നും തങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. അന്വേഷണം എവിടെയെത്തി എന്നറിയില്ല. സിബിഐ ഉദ്യോഗസ്ഥർ തങ്ങളെ ബന്ധപ്പെടുന്നില്ല. ചെന്നൈ ഐഐടിയിൽ നിന്ന് 3 മാസം മുമ്പ് രാജി വെച്ച അധ്യാപകൻ്റെ രാജിക്കത്തിൽ എൻ്റെ മകളുടെ പേരുണ്ട്. എന്നാൽ അതിൻ്റെ വിശദാംശങ്ങൾ അറിയില്ല. വിഷയത്തിൽ ഇടപെടൽ തേടി മുഖ്യമന്ത്രിയേയും ഗവർണറേയും കാണും. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വീണ്ടും കത്തയക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെത്തി കാണുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

കേസ് അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞായിരുന്നു സിബിഐ സംഘം ഫാത്തിമ ലത്തീഫിൻ്റെ മൊഴിയെടുക്കാൻ കൊല്ലത്തെ വീട്ടിൽ എത്തിയത്. മാതാപിതാക്കളുെ മൊഴി രേഖപ്പെടുത്തിയശേഷം അവർ മടങ്ങി. ഫോൺ രേഖകൾ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കിട്ടാന്‍ വൈകുമെന്ന് ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നൽകിയിരുന്നു.