കല്‍ക്കരിക്കടത്ത് കേസ്: ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Update: 2022-09-07 07:06 GMT

കൊല്‍ക്കത്ത: കല്‍ക്കരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയില്‍ സിബിഐ റെയ്ഡ്. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ അസന്‍സോളില്‍ മന്ത്രിയുടെ വസതിയിലും കൊല്‍ക്കത്തയില്‍ അഞ്ചിടങ്ങളിലുമാണ് പരിശോധന. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജിയെ സമാന കേസില്‍ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഘട്ടക്കിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടയിലും നേതാക്കളുടെ വീടുകളില്‍ പരിശോധന തുടരുന്നു എന്നതാണ് ശ്രദ്ധേയം. കേന്ദ്ര അര്‍ധ സൈനികരുടെ വലയി സംഘത്തിന്റെ സഹായത്തോടെയാണ് അസന്‍സോളിലെ ഘടക്കിന്റെ മൂന്ന് വീടുകളിലും കൊല്‍ക്കത്തയിലെ ലേക്ക് ഗാര്‍ഡന്‍സ് ഏരിയയിലും സിബിഐ റെയ്ഡ് നടത്തിയത്. അസന്‍സോള്‍ ഉത്തര്‍ എംഎല്‍എയായ ഘട്ടക്, കേസില്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹി ഓഫിസില്‍ നേരത്തെ ഹാജരായിരുന്നു.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി പിന്നീട് സമന്‍സ് അയച്ചെങ്കിലും മന്ത്രി ഹാജരായിരുന്നില്ല. അസന്‍സോളിലും സമീപപ്രദേശങ്ങളിലുമുള്ള ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ 2020 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം ഇഡി കേസെടുത്തിരിക്കുന്നത്.

ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് നിരവധി ഖനികള്‍ നടത്തുന്ന പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു റാക്കറ്റ് ആയിരക്കണക്കിന് കോടിയുടെ അനധികൃതമായി ഖനനം ചെയ്ത കല്‍ക്കരി വര്‍ഷങ്ങളായി കരിഞ്ചന്തയില്‍ വിറ്റതായി സിബിഐ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെയും ഇഡി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഈ കല്‍ക്കരി ഖനികളെല്ലാം സംരക്ഷിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് ചെയ്യുന്ന ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ്.

കല്‍ക്കരി കള്ളക്കടത്ത് കേസില്‍ പശ്ചിമ ബംഗാളില്‍ നിയോഗിക്കപ്പെട്ട എട്ട് ഇന്ത്യന്‍ പോലിസ് സര്‍വീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇഡി ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനുപകരം സംസ്ഥാന പോലിസിലെ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതു മുതല്‍ നിരവധി തൃണമൂല്‍ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുകയാണെന്നാണ് ആരോപണം. പാര്‍ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ഡല്‍ തുടങ്ങി പല പ്രമുഖരുടെയും അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാവുമ്പോഴും വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറായിട്ടില്ല. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെ മമതാ ബാനര്‍ജിക്ക് കത്തുകളയച്ചെങ്കിലും ഫലമുണ്ടായില്ല.

Tags:    

Similar News