വ്യാജ ഏറ്റുമുട്ടലില്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥനു പങ്കെന്ന് സഹപ്രവര്‍ത്തകന്‍

സിബിഐ ജോയിന്റ് ഡയറക്ടറായ(അഡ്മിന്‍) എ കെ ഭട്‌നഗറിനു ജാര്‍ഖണ്ഡില്‍ 14 നിരപരാധികളുടെ മരണത്തിന് ഇടയാക്കിയ വ്യാജ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്നാണ് കത്തിലെ പരാമര്‍ശം

Update: 2019-09-28 09:01 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ 14 പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന് ആരോപിച്ച് സഹപ്രവര്‍ത്തകനായ സിബിഐ ഉദ്യോഗസ്ഥന്റെ കത്ത്. സിബിഐ ജോയിന്റ് ഡയറക്ടര്‍ എ കെ ഭട്‌നഗറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എന്‍ പി മിശ്ര പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച കത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. കത്തിന്റെ കോപ്പി സിബിഐ മേധാവിക്കും മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ക്കും അയച്ചിട്ടുണ്ട്. സിബിഐ ജോയിന്റ് ഡയറക്ടറായ(അഡ്മിന്‍) എ കെ ഭട്‌നഗറിനു ജാര്‍ഖണ്ഡില്‍ 14 നിരപരാധികളുടെ മരണത്തിന് ഇടയാക്കിയ വ്യാജ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്നാണ് കത്തിലെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട കേസ് സിബിഐയുടെ അന്വേഷണ പരിധിയിലാണിപ്പോഴെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

    റാഞ്ചിയില്‍ സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ ആക്രമണത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി 2018 ഒക്ടോബര്‍ 22നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ടെന്നാണ് കത്തിലുള്ളത്. ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ടീമില്‍ അംഗമായിരുന്ന മിശ്രയെ അന്നത്തെ സിബി ഐ ഡയറക്ടര്‍ അലോക് വര്‍മയും ഡെപ്യൂട്ടി രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2018 നവംബറില്‍ വിശാഖപട്ടണത്തേക്ക് സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞവര്‍ഷം മൂന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതി ആരോപണവും വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണവും മിശ്ര ഉന്നയിച്ചിരുന്നു. എന്നാല്‍ സിബിഐ എല്ലാ ആരോപണങ്ങളും തള്ളുകയാണു ചെയ്തിരുന്നത്.





Tags: