ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരേ സിബിഐ കേസ്
എല്‍സിഎംഎഫ് മുഖേന സംഭരിച്ച ഉണക്ക ടൂണ മല്‍സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചെന്നാരോപിച്ചാണ് കേസ്.
കവരത്തി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ മുഖ്യ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മല്‍സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചെന്നാരോപിച്ചാണ് കേസ്.
2016-17 കാലയളവില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24ന് കവരത്തിയിലെ എല്‍സിഎംഎഫ് ഓഫിസിലും കോഴിക്കോട്ടും മിന്നല്‍ പരിശോധന നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂഡല്‍ഹിയിലെ സിബിഐ ഓഫിസറുടെ പരാതിയില്‍ കേസ് എടുത്തതെന്ന് സിബിഐ പറഞ്ഞു.
ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും ശ്രീലങ്കന്‍ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങള്‍, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ്ആര്‍ടി ജനറല്‍ മര്‍ച്ചന്റ് ഇംപോര്‍ട്ടേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ എം പി അന്‍വര്‍ എന്നിവരേയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസില്‍ കൂട്ടുപ്രതികളാക്കിയാണ് എഫ്‌ഐആര്‍.