50 ലക്ഷം രൂപയുടെ കൈക്കൂലി കേസ്: ഗെയില്‍ ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

Update: 2023-09-05 14:36 GMT
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ(ഗെയില്‍) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബി ഐ അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തിക്ക് ഗെയില്‍ പദ്ധതി വാഗ്ദാനം ചെയ്യുകയും പകരമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ കെണിയൊരുക്കിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗെയില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ബി സിങ്ങിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ നിരവധി സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ഐആര്‍എഫ്‌സി ഫണ്ടില്‍ നിന്ന് അമിതമായ സ്വര്‍ണവും മറ്റു വസ്തുക്കളും വാങ്ങി വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐആര്‍എഫ്‌സി) മുന്‍ സിഎംഡി അമിതാഭ് ബാനര്‍ജിക്കെതിരേ നേരത്തെ സിബിഐ കേസെടുത്തിരുന്നു. സംഭവത്തില്‍ ഐആര്‍എഫ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സാമ്പത്തിക തട്ടിപ്പ് നടന്നതായി സിബിഐക്ക് പരാതി ലഭിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

Tags: