പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ജാത്യാഭിമാനക്കൊല
മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും തമ്മിൽ വിവാഹിതരായത്.
തേന്‍കുറിശ്ശി: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ജാത്യാഭിമാനക്കൊല. തേന്‍കുറിശ്ശി സ്വദേശി അനീഷാണ് വെള്ളിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷ് പോലിസ് കസ്റ്റഡിയിലാണ്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ പറഞ്ഞു. പ്രഭുകുമാറിനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.
അതേസമയം ജാത്യാഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും തമ്മിൽ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് എതിർപ്പായിരുന്നു. ജാതി വ്യത്യാസമുണ്ടെന്നും മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മാനാം കുളമ്പ് എന്ന സ്ഥലത്തു വെച്ച് പെൺകുട്ടിയുടെ അച്‌ഛൻ പ്രഭു, അമ്മാവൻ സുരേഷ് എന്നിവർ വെട്ടി കൊല്ലുകയായിരുന്നു. കുഴൽമന്ദം പോലിസ് കേസെടുത്തു.
കഴുത്തിനു കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.