കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ ജാതിവിവേചനം: അന്വേഷണത്തിന് ഉപസമിതി

ആരോപണവിധേയയായ ബോട്ടണി വിഭാഗം അധ്യാപിക ഡോ. ഷമീനയോട് നിര്‍ബന്ധിതാവധിയില്‍ പോവാന്‍ വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുകയായിരുന്നു.

Update: 2019-09-20 14:18 GMT

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ഥികള്‍ ജാതി വിവേചനം നേരിട്ട സംഭവത്തെ കുറിച്ച് ഉപസമിതി അന്വേഷിക്കും. ഡോ. ഷംസാദ് ഹുസയ്‌ന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെയാണ് പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ചത്. ഇതിനിടെ, ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തി. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. എന്നാല്‍ കൂടുതല്‍ പോലിസുദ്യോഗസ്ഥര്‍ അകത്ത് കയറുന്നതിനു മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേംബര്‍ അകത്തു നിന്നു പൂട്ടിയതോടെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. എസ്എഫ്‌ഐ നേതാക്കള്‍ വിസിയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. അധ്യാപികയെ നിര്‍ബന്ധിതാവധിയില്‍ പ്രവേശിപ്പിക്കുകയോ സസ്‌പെന്റ് ചെയ്യുകയോ ചെയ്യാതെ പ്രതിഷേധത്തില്‍ നിന്നു പിന്‍മാറില്ലെന്ന് എസ്എഫ്‌ഐ നിലപാട് കര്‍ശനമാക്കിയതോടെ ആരോപണവിധേയയായ ബോട്ടണി വിഭാഗം അധ്യാപിക ഡോ. ഷമീനയോട് നിര്‍ബന്ധിതാവധിയില്‍ പോവാന്‍ വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എസ്എഫ്‌ഐയുടെ പ്രതിഷേധം അവസാനിപ്പിച്ചു. സമാന ആരോപണം നേരിടുന്ന മലയാളം വിഭാഗം തലവനോടും നിര്‍ബന്ധിതാവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Tags: