ജാതിയധിക്ഷേപക്കേസ് പ്രതിക്കു സഹായം: നെടുമങ്ങാട് ഡിവൈഎസ് പിയോട് വിശദീകരണം തേടി

Update: 2020-08-19 08:02 GMT

തിരുവനന്തപുരം: ദലിത് യുവതിക്കു നേരെ ജാതി അധിക്ഷേപം നടത്തുകയും ഉപജീവനമാര്‍ഗമായിരുന്ന പശുവിനെ മര്‍ദ്ദിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ നെടുമങ്ങാട് ഡിവൈഎസ് പിയോട് വിശദീകരണം തേടി. പ്രതിക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്നു കാണിച്ച് കള്ളിക്കാട് പാട്ടൈക്കോണം സ്വദേശിനി ബിജി നല്‍കിയ പരാതിയിലാണ് നടപടി. 30 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. അയല്‍വാസിയായ സുരേന്ദ്രന്‍ എന്നയാള്‍ ജാതി അധിക്ഷേപം നടത്തുകയും വടി കൊണ്ട് പശുവിനെ തല്ലിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോവുകയും ചെയ്ത സംഭവത്തിലാണ് പ്രതിക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയത്. മൃഗസംരക്ഷണ വകുപ്പുകള്‍ പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി നെയ്യാര്‍ ഡാം പോലിസ് കേസെടുത്തിരുന്നെങ്കിലും ജാതി അധിക്ഷേപം സംബന്ധിച്ച വകുപ്പുകള്‍ ചേര്‍ത്തിരുന്നില്ല. ഇതിനെതിരേയാണ് ബിജി സംസ്ഥാന പട്ടികജാതി-ഗോത്ര വര്‍ഗ കമ്മീഷനെ സമീപിച്ചത്.

    നിര്‍ധന കുടുംബത്തില്‍പെട്ട ബിജി പശുക്കളെ വളര്‍ത്തിയാണ് ഉപജീവനം നടത്തുന്നത്. ഇക്കഴിഞ്ഞ മെയ് 28നാണ് മൂന്നരമാസം ഗര്‍ഭിണിയായ തന്റെ പശുവിനെ മേയാന്‍ വിട്ടപ്പോള്‍ ജാതി അധിക്ഷേപം നടത്തി അയല്‍വാസി സുരേന്ദ്രന്‍ പശുവിനെ തല്ലുകയും പശുവിന്റെ ഗര്‍ഭം അലസിപ്പോവുകയും ചെയ്യുകയായിരുന്നു. 'പെലച്ചി ആയതുകൊണ്ട് സര്‍ക്കാരില്‍ നിന്ന് കിട്ടിയ പശുവില്‍ ഒന്ന് ചത്തു പോയാലും പകരം കിട്ടും. അതാണല്ലോ ആ ജാതിയുടെ ഗുണം' എന്നു പറഞ്ഞായിരുന്നു അതിക്രമം. തുടര്‍ന്ന് ബിജി നെയ്യാര്‍ ഡാം പോലിസില്‍ പരാതി നല്‍കിയെങ്കിലും ജൂണ്‍ 6നാണ് രസീതി നല്‍കിയത്. ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ പുല്ല് വച്ചുപിടിപ്പിച്ചാണ് പശുവിനു നല്‍കിയിരുന്നത്. രാഷ്ട്രീയസ്വാധീനമുള്ള പ്രതി ജൂണ്‍ 12ന് ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരെയും കൂട്ടിയെത്തി പുല്ല് നശിപ്പിച്ചു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും നടപടികളെടുക്കാത്തിരുന്നില്ല.

    ജാതി അധിക്ഷേപം സംബന്ധിച്ച് കേസെടുക്കാത്തതിനാല്‍ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ഇടപെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനെ സമീപിക്കുകയായിരുന്നു. ജാതി അധിക്ഷേതം സംബന്ധിച്ച പരാതികളില്‍ ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ഡിവൈഎസ് പിയോട് വിശദീകരണം തേടിയത്. അതിനിടെ, രമ്യ ഹരിദാസ് എംപി, സി കെ ജാനു, കുരീപ്പുഴ ശ്രീകുമാര്‍, അഡ്വ. ജമീല പ്രകാശം, കെ അജിത, സലീന പ്രക്കാനം, എന്‍ പി ചെക്കുട്ടി, ഡോ. ജെ ദേവിക തുടങ്ങിയവര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Caste abuse case: Nedumangad DySP sought an explanation




Tags:    

Similar News