പോളിങിന് വോട്ടര്‍മാരെത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി

എല്ലാവരും വോട്ട് ചെയ്യണമെന്നും അതുണ്ടായില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്നുമാണ് അനുയായികളുടെ നിറഞ്ഞ കയ്യടികള്‍ക്കിടെ ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

Update: 2019-04-20 13:17 GMT

ന്യൂഡല്‍ഹി: പ്രവര്‍ത്തകരോട് കള്ളവോട്ടിന് ആഹ്വാനം ചെയ്ത് യുപിയിലെ ബിജെപി സ്ഥാനാര്‍ഥി. വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ബദായൂന്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സംഘ്മിത്ര മൗര്യ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. എല്ലാവരും വോട്ട് ചെയ്യണമെന്നും അതുണ്ടായില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്നുമാണ് അനുയായികളുടെ നിറഞ്ഞ കയ്യടികള്‍ക്കിടെ ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

എല്ലായിടത്തും കള്ളവോട്ടുണ്ടാകുന്നുണ്ട്. അവസരം ലഭിക്കുകയാണെങ്കില്‍ ആ സാഹചര്യം മുതലെടുക്കണമെന്നും രഹസ്യമായി അതു ചെയ്യണമെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. കുറച്ചൊക്കെ കള്ള വോട്ട് ചെയ്യാമെന്നും രഹസ്യമായിരിക്കണമെന്നും ജനക്കൂട്ടത്തിന്റെ കയ്യടികള്‍ക്കിടെ അവര്‍ പറഞ്ഞു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളാണു സംഘ്മിത്ര.തിരഞ്ഞെടുപ്പുകാലത്ത് ആരെങ്കിലും ഗുണ്ടായിസം കാണിച്ചാല്‍ പേടിക്കേണ്ടെന്നും അതിനേക്കാള്‍ വലിയ ഗുണ്ടയാണു താനെന്നും സംഘ്മിത്ര പറഞ്ഞതു കഴിഞ്ഞമാസം ഏറെ ചര്‍ച്ചയായിരുന്നു.ബദായൂം മണ്ഡലത്തില്‍ ഏപ്രില്‍ 23നാണു വോട്ടെടുപ്പ്. സമാജ്‌വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവാണ് സംഘ്മിത്രയുടെ പ്രധാന എതിരാളി.

Tags:    

Similar News