തിരൂരിലെ ബിജെപി പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുത്തു

വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു. ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പോലിസില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

Update: 2020-01-16 07:36 GMT

തിരൂര്‍: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി നടത്തുന്ന പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരേ തിരൂരില്‍ പോലിസ് കേസെടുത്തു. അപ്രഖ്യാപിത ഹര്‍ത്താലിനു സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. കടയടപ്പിനും വാഹനങ്ങള്‍ പണിമുടക്കാനും ആഹ്വാനം ചെയ്ത് പോസ്റ്റിട്ടവരെയും ഷെയര്‍ ചെയ്തവരെയും കണ്ടെത്താന്‍ തിരൂര്‍ സി ഐ ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന രഹിതമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്നാണ് പോലിസ് ആരോപിക്കുന്നത്.

   



    ഇന്ന് വൈകീട്ട് നാലിനാണു ബിജെപി തിരൂരില്‍ ജനജാഗ്രതാ സമ്മേളനം സംഘടിപ്പിച്ചത്. കേന്ദ്ര വ്യവസായ മന്ത്രി സോംപ്രകാശ് ഉദ്ഘാടനവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുമാണ് പരിപാടിയിലെ മുഖ്യാതിഥികള്‍. ബിജെപി തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍, രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനും എന്‍സിആറിനുമെതിരേ വ്യത്യസ്ത രീതിയില്‍ പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി ബിജെപിയും രംഗത്തെത്തിയത്. എന്നാല്‍, വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു. ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പോലിസില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് തിരൂര്‍ പോലിസിന്റെ നടപടി. കുറ്റിയാടിയില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആറുപേര്‍ക്കെതിരേ പോലിസ് സ്വമേധയാ കേസെടുത്തിരുന്നു.




Tags:    

Similar News