പ്രതിയുടെ അക്കൗണ്ടില്‍ നിന്ന് പോലിസുകാരന്‍ പണം കവര്‍ന്ന കേസ് ഒത്തുതീര്‍ത്തു

Update: 2021-07-25 08:37 GMT

കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പോലിസുകാരന്‍ പണം പിന്‍വലിച്ച കേസ് കോടതിയില്‍ ഒത്തുതീര്‍പ്പാക്കി. തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ചെറുതാഴം ശ്രീസ്ഥയിലെ ഇ എന്‍ ശ്രീകാന്ത് പ്രതിയായ കേസാണ് പരാതിക്കാര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായത്. പരാതി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ച് സഹോദരി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനു പിന്നാലെയാണ് നടപടി.

    ബക്കളത്തെ ലോഡ്ജില്‍ താമസത്തിനെത്തിയ ചൊക്ലി ഒളവിലം സ്വദേശിയുടെ എ.ടി.എം കാര്‍ഡില്‍ നിന്ന് 70,000 രൂപയും പഴ്‌സില്‍ നിന്ന് 2000 രൂപയും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുലി(26)ന്റെ കൈയിലുണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കേസ്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയിരുന്നത്.

    പരാതി പിന്‍വലിക്കാന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് അഭിപ്രായം തേടിയപ്പോള്‍ അന്വേഷണ ഉദ്യോസ്ഥര്‍ എതിര്‍ത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ശ്രീകാന്ത് കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനാല്‍ റൂറല്‍ എസ്പി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ശ്രീകാന്ത് എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെടുത്ത അന്വേഷണസംഘം ശ്രീകാന്തിനെ പ്രതി ചേര്‍ത്ത് തളിപ്പറമ്പ് കോടതിയില്‍ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

    ശ്രീകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെല്ലാം തള്ളുകയും പോലിസുകാരന്റെ അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് പരാതി തന്നെ പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കിയത്. സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീകാന്തിന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ സാധ്യമാവുകയുള്ളൂ എന്നതിനാലാണ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് സൂചന.

Case of the policeman stealing money from the account of the accused was settled

Tags: