ലോക്ക് ഡൗണ്‍ ലംഘനം: ജമ്മുവില്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസ്

ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജെഎംസി) ഡെപ്യൂട്ടി മേയര്‍ പൂര്‍ണിമ ശര്‍മ, മുന്‍ എംഎല്‍എ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്.

Update: 2020-04-18 17:51 GMT

ജമ്മു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ ലംഘിച്ച മൂന്നു ബിജെപി നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജെഎംസി) ഡെപ്യൂട്ടി മേയര്‍ പൂര്‍ണിമ ശര്‍മ, മുന്‍ എംഎല്‍എ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൂര്‍ണിമ ശര്‍മ, മുന്‍ എംഎല്‍എ രാജേഷ് ഗുപ്ത, ജെഎംസി കോര്‍പ്പറേറ്റര്‍ സന്ധ്യ ഗുപ്ത എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ജമ്മു പോലിസ് അറിയിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഒരു തിയേറ്റര്‍ സന്ദര്‍ശിച്ച ശേഷമാണ് ബിജെപി നേതാക്കള്‍ക്കെതിരായ നടപടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നേതാക്കള്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്യൂ പാലിക്കാന്‍ പോലിസുകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.