ഹിന്ദു സമ്മേളനത്തിലെ വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനെതിരേ കേസെടുത്തു

Update: 2022-04-30 16:31 GMT

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി സി ജോര്‍ജിനെതിരെ പോലിസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

എം എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോര്‍ജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും സിപിഎം കുറ്റപ്പെടുത്തി. ജോര്‍ജ്ജിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി സി ജോര്‍ജിനെ ചങ്ങലക്കിടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പരാമര്‍ശം. പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനെതിരേ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള ഹിന്ദു സമ്മേളനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി. ഹിന്ദു സമ്മേളനത്തില്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.

Tags: