കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനം; വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം

കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചത്.

Update: 2021-04-17 01:52 GMT

കോഴിക്കോട്: കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചത്.

2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടത്തേണ്ടത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണയവും നടത്തണം.

ഇത് പരിഗണിച്ചാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. നിലവില്‍ ഡിവൈഎസ്പി ജോണ്‍സണാണ് അന്വേഷണ ചുമതല. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77രേഖകളും മാത്രമാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയളത്.

ആഭരണങ്ങള്‍, വിദേശ കറന്‍സി എന്നിവയെല്ലാം മഹസറില്‍ രേഖപ്പെടുത്തി തിരികെ നല്‍കുകയായിരുന്നു. ഇന്നലെ വിജിലന്‍സ് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനിട്ട്‌സ് ബുക്കിന്റെ പകര്‍പ്പായിരുന്നു ഹാജരാക്കിയത്.

പണം പിരിക്കാനായി ഇറക്കിയ റസീപ്റ്റിന്റെ കൗണ്ടര്‍ ഫോയില്‍ യൂനിറ്റ് കമ്മിറ്റികളില്‍ നിന്ന് ശേഖരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും ഷാജി ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം സംബന്ധിച്ച ഒറിജിനല്‍ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുളളത്. അതേസമയം, ഇതിനോടകം ഹാജരാക്കിയ തെളിവുകള്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഇത് ലഭിക്കുന്നതോടെ വിശദമായ അന്വേഷണത്തിന് തുടക്കം കുറിക്കും.

Tags:    

Similar News