ചികില്‍സയ്ക്കു വേണ്ടി പിരിച്ച പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരേ കേസ്

Update: 2021-02-13 17:15 GMT
വയനാട്: രോഗിയായ കുട്ടിയുടെ ചികില്‍സയ്ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ പോലിസ് കേസെടുത്തു. മാനന്തവാടി സ്വദേശികളായ സഞ്ജയ്‌യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്.തുടര്‍ന്ന് മാനന്തവാടി പോലിസ് ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴിയെടുത്തു.

    സഞ്ജയ്-ആരതി ദമ്പതികളുടെ കുഞ്ഞിന് ജന്‍മനാ വന്‍കുടലിന് വലിപ്പക്കുറവായിരുന്നു. ഇതിന്റെ ചികില്‍സയ്ക്കു വേണ്ടി കുഞ്ഞിന്റെ ദുരിത ജീവിതം വിവരിച്ച് ഫിറോസ് കുന്നംപറമ്പില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു. സഞ്ജയ്‌യുടെയും ഫിറോസ് നിര്‍ദേശിച്ച മറ്റൊരാളുടെയും പേരിലുള്ള അക്കൗണ്ടിലേക്കാണ് തുകയെത്തിയത്. എന്നാല്‍, അക്കൗണ്ടില്‍ വന്ന പണം നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങി ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം നല്‍കിയെന്നും ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന് നേരത്തേ ധാരണയിലെത്തിയിരുന്നെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.

    നേരത്തേ, ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഫേസ് ബുക്ക് ലൈവില്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. നന്ദിയില്ലാത്ത രോഗികള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരക്കാരെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമായിരുന്നു ഫിറോസിന്റെ പരാമര്‍ശം. ഇതേച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളികള്‍ അരങ്ങേറുകയാണ്.

Case against Firos Kunnamparambil

Tags: