പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസ് പിന്‍വലിച്ചില്ല; പിണറായി സര്‍ക്കാരിന്റെ ഒരു വഞ്ചന കൂടി വെളിപ്പെട്ടു: പോപുലര്‍ ഫ്രണ്ട്

Update: 2021-10-06 15:45 GMT

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പിണറായി സര്‍ക്കാരിന്റെ ഒരു വഞ്ചന കൂടി വെളിപ്പെട്ടുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഉറപ്പുകള്‍ ഓരോന്നായി സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം മറക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞിരുന്നു. എന്നാല്‍, അധികാരം ലഭിച്ചശേഷം കേസുകള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഗൗരവതരമാണ്. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് പിണറായി വിജയന്‍ അന്ന് കബളിപ്പിക്കല്‍ നാടകം നടത്തിയത്.

വാഗ്ദാനലംഘനം നടത്തിയ മുഖ്യമന്ത്രി കേരളത്തിലെ മുസ്‌ലിംകളെയാകെ വഞ്ചിച്ചിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. അല്‍പ്പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ മുസ്‌ലിംകളുടെ കൂടെ പിന്തുണയോടെ അധികാരം നിലനിര്‍ത്തിയ പിണറായി വിജയന്‍ വാക്കുപാലിക്കാന്‍ തയ്യാറാവണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags: