യോഗി സർക്കാർ പരിപാടിയിൽ കുട്ടികളോട് അവഗണന; റിപോർട്ട് ചെയ്തതിന് 3 മാധ്യമപ്രവർത്തകർക്കെതിരേ കേസ്
മോഹിത്, അമിത്, യാസിൻ എന്നീ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരേ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കാൺപൂർ: സർക്കാർ പരിപാടിയിൽ കുട്ടികളോട് കാണിച്ച അവഗണന റിപോർട്ട് ചെയ്തതിന് 3 മാധ്യമപ്രവർത്തകർക്കെതിരേ കേസ്. സ്‌കൂൾ കുട്ടികളെ ശീതകാല വസ്ത്രം നൽകാതെ വ്യായാമം ചെയ്യിപ്പിച്ചെന്ന വാർത്താ റിപോർട്ട് ചെയ്തതിന് ഒരു വാർത്താ ചാനലിൽ ജോലി ചെയ്യുന്ന മൂന്ന് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരേയാണ് കേസെടുത്തത്.
വ്യാജവാർത്ത റിപോർട്ട് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധാരിപ്പിച്ചു, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മാധ്യമപ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു സർക്കാർ സ്‌കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസ പരിപാലന ഉദ്യോഗസ്ഥനായ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) സമർപ്പിച്ച പരാതിയിലാണ് എഫ്‌ഐആർ.
കാൺപൂർ ജില്ലയിലെ അക്ബർപൂർ പോലിസ് സ്റ്റേഷനിൽ ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) സുനിത് ദത്ത് നൽകിയ പരാതിയിൽ മോഹിത്, അമിത്, യാസിൻ എന്നീ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരേ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത പരിപാടിയിൽ നിരവധി സർക്കാർ സ്‌കൂൾ വിദ്യാർഥികൾ ശീതകാല വസ്ത്രമില്ലാത്തതിനെ തുടർന്ന് തണുത്ത് വിറച്ചെന്നായിരുന്നു വാർത്താ റിപോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് വാർത്ത റിപോർട്ട് ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തില്ലെന്നും ബിഎസ്എ ആരോപിച്ചു.
കുട്ടികളെ ശീതകാല വസ്ത്രം അഴിച്ചുമാറ്റിയത് വ്യായാമത്തിനായി മാത്രമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. യുപി സ്ഥാപക ദിന ആഘോഷത്തിനായിരുന്നു കുട്ടികളോടുള്ള ക്രൂരത. ഞായറാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന സാങ്കേതിക വകുപ്പ് മന്ത്രി അജിത് പാൽ സിങ്, നിരവധി എംഎൽഎമാർ ഉൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
