കാര്‍ട്ടൂണ്‍ വിവാദം: കുവൈത്തില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍ വലിക്കാനും അറബ്, ഇസ്ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നു.

Update: 2020-10-23 15:39 GMT

കുവൈത്ത് സിറ്റി: ഫ്രാന്‍സില്‍ പ്രവാചകനെ നിന്ദിച്ചുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ച ഇസ്‌ലാം വിരുദ്ധ സമീപനത്തിനെതിരേ കുവൈത്തില്‍ വ്യാപക പ്രതിഷേധം.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍ വലിക്കാനും അറബ്, ഇസ്ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യേക കാംപയിനും ആരംഭിച്ചു. ഫ്രഞ്ച് നിലപാട് ഇസ്‌ലാമിക ലോകത്തിനു നേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാലയത്തില്‍ വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ കൊലപാതകം അപലനീയമാണെന്നും ഇത് ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന നടപടിയല്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇസ്‌ലാമിനെതിരായ തീവ്രവാദ ആരോപണങളും വിദ്വേഷ പ്രചരണങ്ങളും അംഗീകരിക്കാന്‍ ആവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കഴിഞ്ഞ വെള്ളിയാഴ്ചയാണു പാരീസിനു 30 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ അധ്യാപകനായ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ക്ലാസില്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ കാര്‍ട്ടൂൂണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രതിയെന്നാരോപിച്ച് 18 കാരനായ യുവാവിനെ പോലിസ് വെടിവച്ച് കൊന്നിരുന്നു.

Tags:    

Similar News