സിദ്ദീഖ് കാപ്പന്റെ ഡ്രൈവര്‍ മുഹമ്മദ് ആലത്തിന് പിഎംഎല്‍എ കേസില്‍ ജാമ്യം

Update: 2022-11-02 17:50 GMT

ന്യൂഡല്‍ഹി: ഹാത്‌റസിലേക്കുള്ള വഴിമധ്യേ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോടൊപ്പം യുപി പോലിസ് അറസ്റ്റ് ചെയ്ത ഡ്രൈവര്‍ ആലമിന് പിഎംഎല്‍എ കേസില്‍ ജാമ്യം. അറസ്റ്റ് ചെയ്ത ഏകദേശം 23 മാസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ആഗസ്ത് 23ന് അലഹബാദ് ഹൈക്കോടതി ആലമിനെതിരെ ചുമത്തിയ യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ രാജ്യത്തിനെതിരായ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ആലമിന്റെ പങ്കാളിത്തം കണ്ടെത്തനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ അദ്ദേഹം ജയിലില്‍ തുടരുകയായിരുന്നു. ഒക്ടോബര്‍ 31ന് ലഖ്‌നോവിലെ സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതായി ആലമിന്റെ അഭിഭാഷകന്‍ ദി ക്വിന്റിനോട് പറഞ്ഞു. ഉടന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഒക്ടോബറിലാണ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കാപ്പന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പിഎംഎല്‍എ കേസില്‍ ലഖ്‌നൗ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കാപ്പന്‍ ജയിലില്‍ തുടരുകയാണ്.

Tags: