കോണ്‍ഗ്രസെന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദറല്ല; പഞ്ചാബിനെ ഭരിക്കുന്നത് രണ്ട് കുടുംബങ്ങളെന്നും സിദ്ദു

മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തോറ്റ അമരീന്ദറാണ് തന്നെ കുറ്റപ്പെടുത്തുന്നത്. അമരീന്ദര്‍ മത്സരിച്ചു, കെട്ടിവെച്ച കാശ് പോലും നഷ്ടമായിട്ടുണ്ട്. ആകെ കിട്ടിയത് 736 വോട്ടും-സിദ്ദു കുറ്റപ്പെടുത്തി

Update: 2021-06-21 09:14 GMT
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പോര് കടുപ്പിച്ച് നവജോത് സിങ് സിദ്ദു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് സിദ്ദു മുന്നോട്ട് വന്നിരിക്കുന്നത്.


പഞ്ചാബിനെ നിയന്ത്രിക്കുന്നത് രണ്ട് കുടുംബങ്ങളാണെന്നും ഇവരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ധു തുറന്നടിച്ചു. ഇവര്‍ക്കെതിരെയാണ് തന്റെ പടപ്പുറപ്പാടെന്നും സിദ്ദു പറഞ്ഞു. കോണ്‍ഗ്രസില്‍ താന്‍ ചേരാന്‍ കാരണം, പ്രശാന്ത് കിഷോറാണ്. എന്നെ 60 തവണ വന്ന് കണ്ടശേഷമാണ് താന്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് പറഞ്ഞത്. താന്‍ പ്രചാരണം നടത്തിയ 56 സീറ്റില്‍ 54 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ 23 എണ്ണം മജയിലായിരുന്നുവെന്നും സിദ്ദു പറഞ്ഞു.

മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തോറ്റ അമരീന്ദറാണ് തന്നെ കുറ്റപ്പെടുത്തുന്നത്. അമരീന്ദര്‍ മത്സരിച്ചു, കെട്ടിവെച്ച കാശ് പോലും നഷ്ടമായിട്ടുണ്ട്. ആകെ കിട്ടിയത് 736 വോട്ടും. സ്വന്തം പാര്‍ട്ടിയുണ്ടാക്കി സോണിയാ ഗാന്ധിയെ കണ്ട് അംഗീകാരം നേടിയ ആളാണ് അമരീന്ദര്‍. ആറ് മാസം കൊണ്ട് അദ്ദേഹം അധ്യക്ഷനുമായി. ഇത്രയൊക്കെ ചെയ്തയാള്‍ താന്‍ അഞ്ച് വര്‍ഷം മുമ്പ് മാത്രമാണ് കോണ്‍ഗ്രസില്‍ എത്തിയതെന്നാണ് പറയുന്നത്. അഞ്ച് തവണ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണ് താനെന്നും സിദ്ദു പറഞ്ഞു.

അമരീന്ദറിന് ബഹുഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന വാദത്തെ സിദ്ദു തള്ളി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന് പറയുന്നതല്ല കോണ്‍ഗ്രസ്. അത് ഹൈക്കമാന്‍ഡാണ്. എന്റെ മുന്നില്‍ വാതിലടഞ്ഞെന്ന് പറയാന്‍ അമരീന്ദര്‍ ആരാണ്. താന്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അമരീന്ദര്‍ പറയുന്നത്, തന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. അമരീന്ദറിനെ മുഖ്യമന്ത്രിയാക്കിയത് താന്‍ അടക്കമുള്ളവരാണ്. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം വാക്ക് പാലിച്ചോ എന്നും സിദ്ദു ചോദിച്ചു.


Tags:    

Similar News