പ്രക്ഷോഭത്തിനിടെ കശ്മീരില്‍ നടക്കുന്നത് മറക്കാനാവില്ലെന്ന് ഐഷി ഘോഷ്

Update: 2020-01-16 02:56 GMT
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ തുടരുന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് മറക്കാനാവില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ബുധനാഴ്ച ജാമിഅ യൂനിവേഴ്സ്റ്റിക്ക് പുറത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കശ്മീരില്‍ എന്താണ് സംഭവിക്കുന്നത്. സര്‍ക്കാര്‍ നമ്മുടെ ഭരണഘടന തട്ടിയെടുക്കാന്‍ തുടങ്ങിയത് കശ്മീരില്‍ നിന്നാണെന്നും ഐഷി ഘോഷ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 5ന് ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തിനിടെ ഐഷി ഘോഷിനു ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍, അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് ഐഷി ഘോഷിനെയും മറ്റും പ്രതിചേര്‍ക്കുകയും കഴിഞ്ഞ ദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

    ജെഎന്‍യു അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ഐഷി ഘോഷ് ഉള്‍പ്പെടെ ഒമ്പത് പേരുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. ജനുവരി 5നു മുഖംമൂടി ധരിച്ച ഒരു സംഘം കാംപസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും വടികൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ എബിവിപിയാണെന്ന് പിന്നീട് തിരിച്ചറിയുകയും ഏതാനും എബിവിപി പ്രവര്‍ത്തകര്‍ ഇക്കാര്യം ഒളികാമറയില്‍ സമ്മതിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.




Tags:    

Similar News