മോദിക്കെതിരേ പോസ്റ്റര്‍ പതിപ്പിച്ചതിന് അറസ്റ്റ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
ഡല്‍ഹി പോലിസിന്റെ അറസ്റ്റ് നടപടി അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മോദി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിനെയും വാക്‌സിന്‍ നയത്തെയും എതിര്‍ത്താണ് ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിപ്പിച്ചവരെ അറസ്റ്റുചെയ്ത ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരേ സുപ്രിം കോടതിയില്‍ ഹരജി. പ്രദീപ് കുമാര്‍ എന്ന വ്യക്തിയാണ് ഹരജി സമര്‍പ്പിച്ചത്. ഡല്‍ഹി പോലിസിന്റെ അറസ്റ്റ് നടപടി അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മോദി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിനെയും വാക്‌സിന്‍ നയത്തെയും എതിര്‍ത്താണ് ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
പോസ്റ്റര്‍ പതിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കരുതെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഡല്‍ഹി പോലിസിന് സുപ്രിംകോടതി നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. 'മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചത്''എന്നായിരുന്നു മോദിക്കെതിരായ പോസ്റ്ററുകള്‍ എഴുതിയിരുന്നത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി പോലിസ് 24 പേരെയാണ് അറസ്റ്റുചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ 21ലധികം കേസുകള്‍ ചുമത്തിയിരിക്കുന്നത്.
പോസ്റ്ററുകള്‍ ഒട്ടിച്ചതായി പോലിസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ ആറുപേരെ അറസ്റ്റുചെയ്തു. 800 ഓളം പോസ്റ്ററുകളും ബാനറുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനാവശ്യമായ വാക്‌സിന്‍ ലഭ്യമാവാതിരിക്കെ വന്‍തോതില്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷവും പൊതുസമൂഹവും വലിയ തോതില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
