ഖലിസ്ഥാന്‍ നേതാവിന്റെ കൊല:ഇന്ത്യയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി കാനഡ;നയതന്ത്രബന്ധത്തില്‍ വിള്ളല്‍

Update: 2023-09-19 05:49 GMT

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി കാനഡ. കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ ആരോപണവുമായെത്തിയതോടെ നയതന്ത്രതലത്തിലും ഭിന്നതയിലേക്ക് നീങ്ങുകയാണ്. അതേസമയം, ട്രൂഡോയുടെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇതിനിടെ, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കുകയും ചെയ്തു.

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണ്‍ 18നാണ് കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയില്‍ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ വരെ ഏറെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പ്രസ്താവന നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്. കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാറിന്റെ പങ്ക് കാനഡയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ ആഞ്ഞടിച്ചിരുന്നു. എന്നാല്‍, രാജ്യത്തിനെതിരെ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മാത്രമല്ല, ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും തിരിച്ചടിച്ചു. വിഷയത്തില്‍ കനേഡിയന്‍ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം ഏറെക്കാലമായി ആശങ്കയുയര്‍ത്തുന്നതാണ്. കാനഡിയിലെ ഏതെങ്കിലും ആക്രമണങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണെന്നും ജയശങ്കര്‍ പറഞ്ഞു.

Tags:    

Similar News