രണ്ട് ഡോസ് വാക്‌സിനെടുത്ത അമേരിക്കക്കാര്‍ക്ക് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതി

അതേസമയം, അമേരിക്ക ഇപ്പോഴും കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തതും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമുള്ള യുഎസ് പൗരന്‍മാര്‍ക്കും സ്ഥിരമായ താമസാനുമതിയുള്ളവര്‍ക്കും കാനഡയിലേക്ക് വരാം.

Update: 2021-08-09 12:40 GMT

ഒട്ടാവ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കാനഡയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അമേരിക്കയില്‍നിന്നുള്ള അനിവാര്യമല്ലാത്ത യാത്രകളാണ് കാനഡ നിരോധിച്ചിരുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, അമേരിക്ക ഇപ്പോഴും കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തതും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമുള്ള യുഎസ് പൗരന്‍മാര്‍ക്കും സ്ഥിരമായ താമസാനുമതിയുള്ളവര്‍ക്കും കാനഡയിലേക്ക് വരാം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും തിരക്കേറിയതുമായ അതിര്‍ത്തികളിലൊന്നായ അമേരിക്ക- കാനഡ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് യാത്രക്കാര്‍ ആപ്പില്‍ വിശദമായ ചെക്ക്ഇന്‍ പൂരിപ്പിക്കണം. യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെങ്കിലും എത്ര പേര്‍ കാനഡയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസിന് (സിബിഎസ്എ) കഴിയില്ല. എല്ലാ യാത്രക്കാരും അതിര്‍ത്തിയില്‍ ഡാറ്റ പ്രോസസ്സിങ്ങിനായി അധിക സമയം വിനിയോഗിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് മുതല്‍ യുഎസ്- കനേഡിയന്‍ അതിര്‍ത്തി അനിവാര്യമല്ലാത്ത യാത്രകള്‍ക്കായി അടച്ചിരിക്കുന്നു. കാനഡയില്‍നിന്നുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകള്‍ക്കുമുള്ള അടച്ചുപൂട്ടല്‍ യുഎസ് ആഗസ്ത് 21 വരെ നീട്ടിയിട്ടുണ്ട്. ഇത് മെക്‌സിക്കന്‍ അതിര്‍ത്തിയിലും ബാധകമാണ്. എന്നാല്‍, ബൈഡന്‍ ഭരണകൂടം ക്രമേണ അതിര്‍ത്തികള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ മിക്കവാറും എല്ലാ വിദേശ സന്ദര്‍ശകരും കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നതാണ് പ്രധാന ആവശ്യം.

Tags:    

Similar News