'ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നതുപോലെയായിരിക്കുമോ ഇന്ത്യയിലെ അനന്തരഫലങ്ങള്‍?'; മുസ് ലിം വിരുദ്ധ ആക്രമണങ്ങളിലെ സമാനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍

'ഹലാല്‍ ബഹിഷ്‌കരണം ആവശ്യപ്പെട്ട് ലങ്കയിലെ ബുദ്ധ സന്യാസിമാര്‍', 'ശ്രീലങ്കയില്‍ മുസ് ലിംകള്‍ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നു: ആംനസ്റ്റി' തുടങ്ങിയ തലക്കെട്ടുകളാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്.

Update: 2022-05-11 06:29 GMT
ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നതുപോലെയായിരിക്കുമോ ഇന്ത്യയിലെ അനന്തരഫലങ്ങള്‍?;  മുസ് ലിം വിരുദ്ധ ആക്രമണങ്ങളിലെ സമാനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ഹലാല്‍ ബഹിഷ്‌കരണം ഉള്‍പ്പടെ ശ്രീലങ്കയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അരങ്ങേറിയ മുസ് ലിം വിരുദ്ധ നീക്കങ്ങളും വംശഹത്യയും നിലവിലെ സംഭവ വികാസങ്ങളും ഇന്ത്യയിലും സംഭവിക്കുമോ എന്ന ആശങ്ക പങ്കുവച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ശ്രീലങ്കയിലെ മുസ് ലിം വിരുദ്ധ ആക്രമണങ്ങളെ കുറിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ട് പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയിലെ ഭരണാധികാരികള്‍ ചെയ്തതും ഇന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ ഇവിടെ ചെയ്യുന്നതും തമ്മിലുള്ള സാമ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നതുപോലെയായിരിക്കുമോ ഇന്ത്യയിലെ അനന്തരഫലങ്ങള്‍?. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

'ഹലാല്‍ ബഹിഷ്‌കരണം ആവശ്യപ്പെട്ട് ലങ്കയിലെ ബുദ്ധ സന്യാസിമാര്‍', 'ശ്രീലങ്കയില്‍ മുസ് ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും എതിരായി ആള്‍ക്കൂട്ട ആക്രമണം', ശ്രീലങ്കയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു', 'ശ്രീലങ്കയില്‍ മുസ് ലിംകള്‍ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നു: ആംനസ്റ്റി' തുടങ്ങിയ തലക്കെട്ടുകളാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്.

ആഭ്യന്തര കലാപം രൂക്ഷമായതോടെ ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും കുടുംബവും നാവിക താവളത്തില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്കാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ രാജപക്‌സയേയും കുടുംബത്തേയും സൈന്യം മാറ്റിയത്. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 270 കിലോ മീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്.

പെട്രോള്‍ ബോംബുകളടക്കം പ്രതിഷേധക്കാര്‍ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രാജപക്‌സയും കുടുംബത്തേയും ഹെലികോപ്റ്ററില്‍ നാവിക താവളത്തിലേക്ക് മാറ്റിയത്. അതേസമയം, രാജപക്‌സ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പൊലീസുകാരേയും ൈസന്യത്തെയുമാണ് കര്‍ഫ്യുവിന്റെ ഭാഗമായി വിന്യസിച്ചത്.

കര്‍ഫ്യൂ ഉണ്ടായിരുന്നിട്ടും ഒറ്റ രാത്രി കൊണ്ട് ഭരണകക്ഷിയിലുള്ള 41 പേരുടെ വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. രാജപക്‌സയുടെ അനുയായികള്‍ ആയുധങ്ങളുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ നേരിട്ടതോടെയാണ് തിങ്കളാഴ്ച ആക്രമം ആരംഭിച്ചത്. പ്രധാനമന്ത്രി രാജിവെച്ചങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. രാജപക്‌സ രാജിവെച്ച തിങ്കളാഴ്ചയടക്കം നടന്ന അക്രമങ്ങളില്‍ 200 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

Tags: