വിദൂര, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിലക്കിയ സര്‍ക്കാര്‍ നടപടി വിദ്യാര്‍ഥി വിരുദ്ധം: കാംപസ് ഫ്രണ്ട്

Update: 2022-06-19 16:46 GMT

തിരുവനന്തപുരം: അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ പേരില്‍ ഇതര സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിലക്കിയ സര്‍ക്കാര്‍ നടപടി വിദ്യാര്‍ഥി വിരുദ്ധമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍. 2020 സെപ്റ്റംബര്‍ മാസമാണ് ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്. സര്‍വകലാശാല സ്ഥാപിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും കോഴ്‌സുകള്‍ നടത്തുന്നതിനാവശ്യമായ അംഗീകാരം ലഭിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കാലിക്കറ്റ്, കേരള തുടങ്ങിയ സര്‍വകലാശാലകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിദൂര വിദ്യാഭ്യാസത്തിനുള്ള യു.ജി.സിയുടെ അനുമതി നിലനില്‍ക്കെയാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്ന ഈ നീക്കം.

മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ വിജയ ശതമാനത്തിന് ആനുപാതികമായ സീറ്റുകള്‍ ലഭ്യമല്ല എന്ന വസ്തുത നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി. ഈ മാസം 21ന് പ്ലസ് ടു ഫലം വന്നാലുടനെ ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കും. വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും, റെഗുലര്‍ അഡ്മിഷന്‍ ലഭ്യമാകാത്ത കുട്ടികളെയും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നത് പ്രതിസന്ധിയിലാക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഓപണ്‍ സര്‍വകലാശാലകള്‍ നിലനില്‍ക്കെയാണ് ഇതര സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നല്‍കുന്നത്. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് വേണ്ടി പാസ്സാക്കിയ ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാനത്തെ ഇതര സര്‍കലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്നും ഓപണ്‍ സര്‍വകലാശാലക്ക് എത്രയും വേഗം കോഴ്‌സുകള്‍ നടത്തുന്നതിനാവശ്യമായ യു.ജി.സി അംഗീകാരം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആസിഫ് എം നാസര്‍ കൂട്ടിച്ചേര്‍ത്തു.