"കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ സവർണ ലോബിയിൽ നിന്നും മോചിപ്പിക്കുക" സംവരണ അട്ടിമറിക്കെതിരെ കാംപസ് ഫ്രണ്ട് യൂനിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Update: 2021-06-18 13:25 GMT

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി പ്രവേശനത്തിൽ എസ്.ടി സംവരണം വെട്ടിക്കുറച്ച് മുന്നാക്കക്കാർക്ക് നൽകിയ ഇടത് സിൻഡിക്കേറ്റിന്റെ തീരുമാനത്തിനെതിരെ കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട് ഉദ്‌ഘാടനം ചെയ്തു.

യൂണിവേഴ്‌സിറ്റിയിലെ അധ്യാപക നിയമനങ്ങളിൽ ദലിതരുൾപ്പെടുന്ന പിന്നാക്കാർക്ക് ലഭിക്കേണ്ട ബാക്ക്ലോഗ് തസ്തികകൾ നികത്താതെ സവർണ പ്രീണനം നടത്തുന്ന ഇടത് സിൻഡിക്കേറ്റ് പി.എച്ച്.ഡി പ്രവേശനത്തിലും എസ്.ടി സംവരണം വെട്ടിക്കുറച്ച് മുന്നാക്കക്കാർക്ക് നൽകിയത് സിന്ഡിക്കേറ്റിൽ ഇടത്-സംവരണ വിരുദ്ധ ലോബി പിടിമുറുക്കിയതിനാലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിൽ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് തുടരെയുണ്ടാകുന്ന സംവരണ അട്ടിമറികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാമിൽ, ജില്ലാ കമ്മിറ്റി അംഗം റിംഷാദ് എം റസാഖ് എന്നിവർ സംസാരിച്ചു.