ആലപ്പുഴ ജില്ലാ പ്രസിഡന്റിനെതിരെയുള്ള ലഹരി മാഫിയയുടെ ആക്രമണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം-കാംപസ് ഫ്രണ്ട്

Update: 2021-08-26 09:57 GMT

ആലപ്പുഴ: ജില്ലാ പ്രസിഡന്റിനെതിരെയുള്ള ലഹരി മാഫിയയുടെ ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖിന് കുത്തേറ്റത്. വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാനെത്തിയ നാല്‍പ്പതോളം പേരടങ്ങിയ ലഹരി മാഫിയ സംഘത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാറൂഖിന് കുത്തേറ്റത്. പോലിസ് ആറു പേരെ പ്രതികളാക്കിയെങ്കിലും ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.

പ്രദേശത്ത് കുറച്ചു നാളുകളായി ലഹരി മാഫിയകളുടെ ഇടപെടലുകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങളില്‍ പ്രധാനമായും 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നത് അതീവ ഗൗരവകരമാണ്. അടുത്തിടെ ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജനപ്രതിനിധികളും വിദ്യാര്‍ത്ഥി സംഘടനകളും ഒരുമിച്ച് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ആവശ്യമുണ്. നിലവിലെ പോലീസ് നിഷ്‌ക്രിയത്വം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം എളുപ്പമാക്കുകയാണ്. അത് കൊണ്ട് തന്നെ അടിയന്തരമായി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും മുഹമ്മദ് ഷാന്‍ കൂട്ടിച്ചേര്‍ത്തു.