യുപി ജയിലിൽ കഴിയുന്ന കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ഷെരീഫിന് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-04-26 19:27 GMT

ന്യൂഡൽഹി: യുപി ജയിലിൽ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റഊഫ് ഷെരീഫിന് കൊവിഡ് സ്ഥിരീകരിച്ചു.

ഹത്രാസ് സന്ദര്‍ശനകേസില്‍ യുപി പോലീസ് ആസൂത്രിതമായി പ്രതി ചേർത്ത റഊഫ് ഷെരീഫ് മഥുര ജയിലിൽ ആണ് കഴിയുന്നത്. ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സഹോദരൻ സൽമാൻ ഷെരീഫ് പറഞ്ഞു. കൃത്യമായ ഭക്ഷണവും ചികിത്സയും ലഭ്യമല്ലാത്തതിനാൽ റഊഫ് ഷെരീഫിന്റെ അവസ്ഥ പരിതാപകരമാണെന്നും സൽമാൻ പറഞ്ഞു.

2020 ഡിസംബര്‍ 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണ ഇടപാട് എന്നപേരിൽ കെട്ടുകഥ ഉണ്ടാക്കിയാണ് ഇഡി റഊഫിനെ കസ്റ്റഡിയില്‍ എടുത്തത്. 2 കോടി 31 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു എന്നതാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഡി വിശദീകരിച്ചത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനും ഇന്റര്‍നാഷണല്‍ ട്രേഡിങ് രംഗത്തും പ്രവര്‍ത്തിക്കുന്ന റഊഫ് ഷെരീഫ് സാമ്പത്തിക ഇടപാട് സംബന്ധമായ രേഖകള്‍ എറണാകുളം അഡീ.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ഫെബ്രുവരി 12 ന് ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍, ആർഎസ്എസ് ഇടപെടലിലൂടെ യുപി സർക്കാർ ആസൂത്രിതമായി ഹത്രാസ് സന്ദര്‍ശനകേസില്‍ റഊഫിനെ പ്രതിചേര്‍ത്ത് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി മഥുരയിലേക്ക് കൊണ്ട് പോവുകയായിരുന്നു. റഊഫ് ഷെരീഫിനെ കള്ളക്കേസില്‍ കുടുക്കി യുപിയില്‍ കൊണ്ട് പോകുന്നതിനാണ് കള്ളപ്പണ ഇടപാട് എന്നപേരില്‍ ഇഡി കള്ളകേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഹാഥ്റസ് സന്ദര്‍ശനത്തിന്റെ പേരില്‍ മഥുര ജയിലില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗങ്ങള്‍ക്ക് യാത്രാക്കൂലിയായി 5000 രൂപ നല്‍കി എന്നതാണ് യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കാന്‍ യുപി പോലിസ് പറയുന്ന ന്യായം.

പുതിയ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. മഥുര ജില്ലയിലെ നൂറോളം തടവുകാര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരിക്കുന്നു. ഇതേ കേസിലെ പ്രതിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: