ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു; മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് മിനുട്ടിന് ആറ് പൈസ നല്‍കണം, പകരം ഡാറ്റ

ട്രായ് ഐയുസി (ഇന്റര്‍കണക്ട് യുസേജ് ചാര്‍ജ്) നിബന്ധന കര്‍ശനമാക്കിയതോടയാണ് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യാന്‍ ജിയോ ഉപയോക്താക്കള്‍ക്ക് പണം നല്‍കേണ്ട സാഹചര്യം വന്നത്. വോയിസ് കോള്‍ സൗജന്യമാക്കിയ ജിയോയ്ക്ക്, മറ്റ് നെറ്റ്‌വര്‍ക്കുകളിലെ ഓരോ കോളിനും മിനിറ്റിന് 6 പൈസ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കേണ്ടി വരുന്നുണ്ട്.

Update: 2019-10-10 03:04 GMT

മുംബൈ: സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ച് ജിയോ. ഇനി മുതല്‍ ജിയോ ഉപയോക്താക്കളില്‍നിന്ന് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകള്‍ ചെയ്യുന്നതിന് മിനിറ്റിന് ആറു പൈസ ഈടാക്കും. അതേസമയം വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്ക് തുല്യമൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ട്രായ് ഐയുസി (ഇന്റര്‍കണക്ട് യുസേജ് ചാര്‍ജ്) നിബന്ധന കര്‍ശനമാക്കിയതോടയാണ് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യാന്‍ ജിയോ ഉപയോക്താക്കള്‍ക്ക് പണം നല്‍കേണ്ട സാഹചര്യം വന്നത്. വോയിസ് കോള്‍ സൗജന്യമാക്കിയ ജിയോയ്ക്ക്, മറ്റ് നെറ്റ്‌വര്‍ക്കുകളിലെ ഓരോ കോളിനും മിനിറ്റിന് 6 പൈസ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കേണ്ടി വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് 6 പൈസ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്നു മുതല്‍ ജിയോ ഉപഭോക്താക്കള്‍ ചെയ്യുന്ന എല്ലാ റീചാര്‍ജുകള്‍ക്കും, മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള കോളുകള്‍ക്ക് നിലവിലുള്ള ഐയുസി നിരക്കില്‍ മിനിറ്റിന് 6 പൈസ നിരക്കില്‍ ഐയുസി ടോപ്പ്അപ്പ് വൗച്ചറുകള്‍ വഴി ചാര്‍ജ് ചെയ്യപ്പെടും. 2017 ല്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയില്‍ അവസാനിപ്പിക്കുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നു.

ജിയോ നമ്പറില്‍ നിന്ന് ജിയോ നമ്പറിലേക്കുള്ള കോള്‍, ഇന്‍കമിംഗ് കോള്‍, ജിയോ നമ്പറില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്കുള്ള കോള്‍, വാട്‌സാപ് കോള്‍ എന്നിവ നിലവിലെ പോലെ സൗജന്യമായി തുടരുമെന്നും കമ്പനി അറിയിച്ചു.


Tags:    

Similar News