കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍-കോളീജിയറ്റ് ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പ് സമാപിച്ചു; തൃശൂര്‍ സെന്റ് തോമസ് കോളജും വിമല കോളജും ജേതാക്കള്‍
അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളേജ് സംഘടിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍-കൊളീജിയേറ്റ് ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജേതാക്കളായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗം ടീം ഇനത്തില്‍ തൃശ്ശൂര്‍ വിമല കോളജ്, പാലക്കാട് മേഴ്‌സി കോളേജ്, തൃശ്ശൂര്‍ സെന്റ് മേരീസ് കോളജ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ വ്യക്തിഗതയിനത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ അജിത്ത് കെ, മനോജ് കുമാര്‍ എം, അജ്മല്‍ എം. എഫ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ വനിതകളുടെ വ്യക്തിഗത മല്‍സരത്തില്‍ രഞ്ജിത വി (സെന്റ് മേരീസ് കോളേജ്, തൃശൂര്‍), ഐറിന്‍ തോമസ് (മേഴ്‌സി കോളേജ്, പാലക്കാട്), ഐശ്വര്യ എസ് (വിമല കോളേജ്, തൃശൂര്‍) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ തൃശൂര്‍ വിമല കോളജും ജേതാക്കള്‍ക്കുള്ള വൈസ് ചാന്‍സലേഴ്‌സ് എവര്‍ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി. ചൊവ്വാഴ്ച രാവിലെ 6.30 നു സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ നിന്നാരംഭിച്ച് കുറ്റൂളി വഴി അരീക്കോട് ടൗണില്‍ അവസാനിച്ച പത്ത് കിലോമീറ്റര്‍ മത്സരത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നൂറോളം അത് ലിറ്റുകള്‍ പങ്കെടുത്തു.
സുല്ലമുസ്സലാം സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖ് ഫ്‌ലാഗ് ഓഫ് ചെയ്തു. അരീക്കോട് എന്‍ വി. ഹൈറ്റ്‌സ്‌നു മുന്‍പില്‍ നടന്ന സമാപന ചടങ്ങ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫിയും അദ്ദേഹം സമ്മാനിച്ചു.
ചടങ്ങില്‍ സുല്ലമുസ്സലാം സയന്‍സ് കോളജ് മാനേജര്‍ പ്രൊഫ. എന്‍.വി. അബ്ദുറഹ്‌മാന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖ്, കാലിക്കറ്റ് സര്‍വകലാശാല ഒബ്‌സര്‍വറും ടെക്‌നിക്കല്‍ ഒഫീഷ്യലുമായ ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയംഗം കാഞ്ഞിരാല അബ്ദുല്‍ കരീം, കായിക വിഭാഗം മേധാവി ആമിര്‍ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
