കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പ്: മികച്ച പ്രകടനം കാഴ്ച വെച്ച് കാംപസ് ഫ്രണ്ട്

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാംപസ് ഫ്രണ്ട് ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

Update: 2019-09-05 15:18 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുടെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് കാംപസ് ഫ്രണ്ട്. യുയുസിയും ചെയര്‍മാനും അടക്കം ഉജ്വല വിജയമാണ് കാംപസ് ഫ്രണ്ട് നേടിയത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാംപസ് ഫ്രണ്ട് ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ബിഎഡ് കോളേജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി അബ്ദുല്‍ മുഖ്‌സിദ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം പ്രിസ്റ്റിന്‍ വാലി കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി സിനാന്‍ ജനറല്‍ ക്യാപ്റ്റന്‍ ആയി വിജയിച്ചു. കോഴിക്കോട് നരിക്കുനി ബൈത്തുല്‍ ഇസ്സ കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി അഫ്‌ലഹ് യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ടു. അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി സി പി സന ഫിസിക്‌സ് അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എടപ്പാള്‍ കെയുഎം മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി ഹസനത്ത് ജോയിന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.


പാലേമാട് ശ്രീ വിവേകാനന്ദ പഠന കേന്ദ്രം കോളജില്‍ കാംപസ് ഫ്രണ്ടിന് ആറ് സീറ്റുകള്‍ ലഭിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ സാമ്പ്രദായിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ഭീഷണിയെ അതിജീവിച്ച് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ശൈഖ് റസല്‍ ശക്തമായ മത്സരം കാഴ്ചവച്ചു. ഇവിടെ തുടക്കം മുതല്‍ കാംപസ് ഫ്രണ്ടിന് ഏതിരേ വലിയ കുപ്രചാരണങ്ങള്‍ ആണ് അഴിച്ചുവിട്ടത്. വയനാട് മുട്ടില്‍ ഡബ്യൂഎംഒ കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി ബാസിത് ആല്‍വി 280 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു. ക്ലാസ് കാമ്പയിനിലൂടെ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇടം പിടിക്കുകയായിരുന്നു ബാസിത്ത്.



 


കണ്ണൂര്‍ സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി റിഷാദ് 576 വോട്ടുകള്‍ നേടി. 36 വോട്ടിന്റെ കുറഞ്ഞ വ്യത്യാസത്തിലാണ് ഫൈന്‍ ആര്‍ട്‌സ് സെക്രടറി സ്ഥാനം നഷ്ടമായത്. പാലേമാട് ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ മൂന്നു സീറ്റിലും വളാഞ്ചേരി എംഇഎസ് കെവിഎം കോളജ്, തൃശൂര്‍ ഐസിഎ കോളജ്, കൊടുവള്ളി കെഎംഒ കോളജ് എന്നിവിടങ്ങളിലും വിരലിലെണ്ണാവുന്ന വോട്ടിനാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം നഷ്ടമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കോളേജുകളില്‍ ഇരട്ടിയിലധികം സീറ്റുകളില്‍ മല്‍സരിക്കുകയും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തു. തുടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു കാംപസ് ഫ്രണ്ട്. ഇതില്‍ വിറളിപൂണ്ട് പലയിങ്ങളിലും കൊടിതോരണങ്ങളും ഫഌക്‌സുകളും നശിപ്പിച്ചിരുന്നു.


വിജയം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കേറ്റ പ്രഹരം ആണെന്ന് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പറഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു.

Tags: