കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പൊള്ളലേറ്റ സംഭവം: നിരോധിക്കപ്പെട്ട രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ല

Update: 2022-02-16 17:29 GMT

കോഴിക്കോട്: വരക്കല്‍ ബീച്ച് ഭാഗത്തുള്ള തട്ടുകടകളില്‍ കന്നാസുകളില്‍ സൂക്ഷിച്ചത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ മറ്റു രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.

ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ദ്രാവകം വിനാഗിരി ലായനി തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിരോധിക്കപ്പെട്ട രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇതിലുമില്ല.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍:

തട്ടുകടകളില്‍ പഴങ്ങള്‍ ഉപ്പിലും സുര്‍ക്കയിലും ഇടുന്നതിനു ഉപ്പു ലായനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള സിന്തറ്റിക് വിനഗര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

തട്ടുകടകളില്‍ ഒരു കാരണവശാലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കുവാനോ പാടുള്ളതല്ല.

ഒരാഴ്ചക്കുള്ളില്‍ ബീച്ചിലെ മുഴുവന്‍ തട്ടുകടക്കാര്‍ക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കും.

തട്ടുകടകളില്‍ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതത് കച്ചവടക്കാരുടെ ഉത്തരവാദിത്തമാണ്.

കൃത്യമായ ലേബല്‍ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാനോ വില്‍ക്കുവാനോ പാടുള്ളൂ.

ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും ബില്ലുകള്‍ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്തു ഹാജരാക്കേണ്ടതുമാണ്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 18004251125ല്‍ പരാതികള്‍ അറിയിക്കേണ്ടതാണ്.

Tags:    

Similar News