എന്‍പിആര്‍: തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് അരുന്ധതി റോയ്

എന്‍പിആറിനായി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ തേടുമ്പോള്‍ അവരോട് രംഗബില്ല, കുങ്ഫുകട്ട തുടങ്ങിയ പേരുകള്‍ പറയുക.ആളുകള്‍ 7 റേസ് കോഴ്‌സ് (പ്രധാനമന്ത്രിയുടെ വസതി) അവരുടെ വിലാസമായി ഉദ്ധരിക്കണമെന്നും എല്ലാവരും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഒരു മൊബൈല്‍ നമ്പര്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.

Update: 2019-12-25 14:36 GMT

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. പൗരത്വ ഭേദഗതി നിയമത്തിനും നിര്‍ദ്ദിഷ്ട അഖിലേന്ത്യാ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരേ ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്‍പിആറിനായി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ തേടുമ്പോള്‍ അവരോട് രംഗബില്ല, കുങ്ഫുകട്ട തുടങ്ങിയ പേരുകള്‍ പറയുക. ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ അരുന്ധതി പറഞ്ഞു. ആളുകള്‍ 7 റേസ് കോഴ്‌സ് (പ്രധാനമന്ത്രിയുടെ വസതി) അവരുടെ വിലാസമായി ഉദ്ധരിക്കണമെന്നും എല്ലാവരും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഒരു മൊബൈല്‍ നമ്പര്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു. തെറ്റായ പേരുകളും വിലാസങ്ങളും നല്‍കി ആളുകള്‍ എന്‍പിആറിനെ എതിര്‍ക്കണം. രാജ്യത്തെ മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നും അവര്‍ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിന് 3,941.35 കോടി രൂപ കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച അനുവദിച്ചിരുന്നു. രാജ്യത്തെ 'സാധാരണ താമസക്കാരുടെ' പട്ടികയാണ് എന്‍പിആര്‍.

'അവര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍ എടുക്കുകയും ആധാര്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ പോലുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യും. എന്‍പിആര്‍ എന്‍ആര്‍സിയുടെ ഡാറ്റാബേസായി മാറും. നാം അതിനെതിരേ പോരാടുകയും ഒരു പദ്ധതി തയ്യാറാക്കുകയും വേണം. എന്‍പിആറിനായി അവര്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ച് നിങ്ങളുടെ പേര് ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് വ്യത്യസ്തമായ പേര് നല്‍കുക. വിലാസമായി 7 ആര്‍സിആര്‍ പറയുക. നാം ലാത്തികളെയും വെടിയുണ്ടകളെയും നേരിടാനല്ല ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു.

എന്‍ആര്‍സി നടപടിയെക്കുറിച്ച് തന്റെ സര്‍ക്കാര്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്നും രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലീല മൈതാനിയില്‍ നടന്ന റാലിക്കിടെ നുണ പറഞ്ഞതായും അവര്‍ ആരോപിച്ചു. അത് പിടിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം നുണ പറഞ്ഞത്. അദ്ദേഹത്തെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിനൊപ്പമുള്ളത് കൊണ്ടാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.

Tags:    

Similar News