സിഎഎ പ്രക്ഷോഭം: ഭരണകൂടത്തിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക-എം കെ ഫൈസി

Update: 2020-04-17 12:10 GMT

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണ്‍ കാലം നല്‍കുന്ന അനുകൂല സാഹചര്യം മുതലെടുത്ത് സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആര്‍ജെഡിയുടെ വിദ്യാര്‍ഥി വിഭാഗം നേതാവും ഡല്‍ഹി ജാമിഅ വിദ്യാര്‍ഥിയുമായ മീരാന്‍ ഹൈദര്‍, ജാമിഅയിലെ വിദ്യാര്‍ഥിനിയും സംഘാടകയുമായ സഫൂറ സര്‍ഗാര്‍ എന്നിവരെ ഡല്‍ഹി കലാപക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. പൗരത്വ പ്രക്ഷോഭത്തിന്റെ സംഘാടകരും പ്രവര്‍ത്തകരുമായിരുന്ന വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെ വിവിധ കലാപക്കേസില്‍ പ്രതിചേര്‍ക്കുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

    ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് മാനേജ്‌മെന്റ് വിദഗ്ധനും ദലിത് ബുദ്ധിജീവിയുമായ ആനന്ദ് തെല്‍തുംബ്‌ദെ, മാധ്യമ-മനുഷ്യാവകാശ മേഖലയില്‍ ഏറെ ശ്രദ്ധേയനായ ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ എപ്രില്‍ 14 മുതല്‍ എന്‍ഐഎ തടവിലാണ്. ദ വയര്‍' ഓണ്‍ലൈനിന്റെ പത്രാധിപരും പ്രഗല്‍ഭ മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തത് ഏപ്രില്‍ ഒന്നിനാണ്. കൊറോണ വ്യാപനത്തിന്റെ പേരില്‍ പല സംസ്ഥാനത്തും പരോളും ശിക്ഷയില്‍ ഇളവും നല്‍കി ആളുകളെ ജയില്‍ മോചിതരാക്കി ദുരന്തത്തിന്റെ വ്യാപ്തി എങ്ങനെ കുറയ്ക്കാമെന്ന് ആലോചിക്കുമ്പോള്‍ വ്യാജ കേസുകള്‍ ചുമത്തി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് നരന്ദ്രമോദി നേതൃത്വം നല്‍കുന്ന ഭരണകൂടം. ദുരന്തങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാനുള്ള മറയായി ഉപയോഗിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാരിനെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags: