സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍; നാലര വര്‍ഷത്തിനിടെ മൂന്നാമത് മേയര്‍

Update: 2020-07-08 07:06 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ് ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്. കസാനക്കോട്ട വാര്‍ഡ് കൗണ്‍സിലറാണ്. ഇതോടെ, നഗരസഭ മാറി ആദ്യമായി കോര്‍പറേഷന്‍ പദവി ലഭിച്ച് നാലര വര്‍ഷം പിന്നിട്ടപ്പോഴേക്കും മൂന്നുപേര്‍ മേയര്‍ പദവിയിലെത്തി.


    ആദ്യം സിപിഎമ്മിലെ ഇ പി ലതയും പിന്നീട് കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനുമായിരുന്നു മേയര്‍മാര്‍. കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച പി കെ രാഗേഷ് നാലു വര്‍ഷത്തിനു ശേഷം യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചെത്തിയതോടെയാണ് ഭരണം യുഡിഎഫിനു ലഭിച്ചത്. പി കെ രാഗേഷാണ് ഡെപ്യൂട്ടി ഡയറക്ടര്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മൂന്നു തവണ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ആദ്യം ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായെങ്കിലും കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് മേയര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതോടെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നു.

    എന്നാല്‍, അവിശ്വാസ പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് സി സമീര്‍ രാജിവച്ചു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന പി കെ രാഗേഷ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസുമായി വീണ്ടും അടുത്തത്. ഇതോടെ കോര്‍പറേഷന്‍ ഭരണം യുഡിഎഫിനു ലഭിച്ചു. ഇതിനിടെ, പി കെ രാഗേഷിനെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരികയും കൂറുമാറിയ ലീഗ് അംഗം സലീമിന്റെ പിന്തുണയില്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍, സലീം പിന്നീട് യുഡിഎഫ് പക്ഷത്തേക്കു തന്നെ പോയതോടെ വീണ്ടും മലക്കംമറിഞ്ഞു. രാഗേഷിന്റെ തിരിച്ചുവരവോടെ യുഡിഎഫിന് ലഭിച്ച മേയര്‍ സ്ഥാനം ആറുമാസം വീതം കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനായിരുന്നു ധാരണ. ഇതനുസരിച്ച് ആദ്യം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ മേയറായി. തദ്ദേശ തിരഞ്ഞെടുപ്പിനു മൂന്നുമാസം മാത്രം ബാക്കിയിരിക്കെയാണ് മേയര്‍ സ്ഥാനം ലീഗിന് ലഭിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. മേയര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

    അതിനിടെ, ജനങ്ങളെ വഞ്ചിക്കുന്ന കോര്‍പറേഷന്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മേയര്‍ തിരഞ്ഞെടുപ്പ് നടന്ന കോര്‍പറേഷന്‍ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി.

C Zeenath Mayor of Kannur Corporation; The third mayor in four and a half years




Tags: